Asianet News MalayalamAsianet News Malayalam

ഭരണകക്ഷി നേതാക്കളുടെ നിയമലംഘനങ്ങള്‍: പ്രതിപക്ഷം ഇറങ്ങിപ്പോയി

kerala assembly rocks on thomas chandy law breaks
Author
First Published Aug 17, 2017, 11:08 AM IST

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങൾ ചർച്ച ചെയ്യത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്  നിയമസഭയിൽ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. വി.ടി. ബൽറാം എംഎൽഎയാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്.

പി.വി. അൻവർ എംഎൽഎയ്ക്കെതിരായ ആരോപണങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. പാർക്കിനായി അൻവർ എംഎൽഎ നടത്തിയ നിയമലംഘനങ്ങളും ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു. എന്നാല്‍  ഭരണകക്ഷി എം.എല്‍.എമാര്‍ നിയമലംഘനങ്ങള്‍ നടത്തിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി. മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനുമെതിരായ ആരോപണത്തെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രതിരോധിച്ചത്. 

റിസോര്‍ട്ടിനായി തോമസ് ചാണ്ടി പുന്നമടക്കായല്‍ കയ്യേറിയിട്ടില്ല. 15 വര്‍ഷം മുന്‍പാണ് ലേക്ക് പാലസ് നിര്‍മ്മിച്ചത്. തോമസ് ചാണ്ടി വയല്‍ നികത്തിയെന്ന ആരോപണം ശരിയല്ല. ഒരു സെന്റ് ഭൂമിയും കയ്യേറിയിട്ടില്ല. വഴിവിട്ട നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും സംരക്ഷിക്കില്ല. ഏത് ഉന്നതനായാലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി.വി അന്‍വറിനെതിരായ ആരോപണങ്ങളും അടിസ്ഥാന രഹിതമാണ്. അന്‍വറിന്‍റെ പാര്‍ക്കിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെ അനുമതി ലഭിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന് വിഷയ ദാരിദ്രമാണെന്ന് തോമസ് ചാണ്ടി സഭയില്‍ പ്രതികരിച്ചു. ആരോപണം തെളിഞ്ഞാല്‍ മന്ത്രിസ്ഥാനമല്ല, എം.എല്‍.എ സ്ഥാനവും രാജിവയ്ക്കാന്‍ തയ്യാറാണെന്നും തോമസ് ചാണ്ടി പറഞ്ഞു. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. റോഡ് നിര്‍മ്മിച്ചിരിക്കുന്നത് പ്രദേശവാസികള്‍ക്ക് വേണ്ടിയാണ്. റിസോര്‍ട്ടില്‍ മുറി കൊടുക്കാത്താതിന് ഒരു റിപ്പോര്‍ട്ടര്‍ നല്‍കുന്ന പണിയാണിത്. മാധ്യമങ്ങള്‍ക്ക് വേറെ പണിയില്ലാഞ്ഞിട്ടാണെന്നും തോമസ് ചാണ്ടി ആരോപിച്ചു. 

വ്യക്തിഹത്യ നടത്താന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് പാര്‍ക്ക് സന്ദര്‍ശിക്കണം. നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കില്‍ പാര്‍ക്ക് അടച്ചുപൂട്ടാം. ആര്യാടന്‍ മുഹമ്മദിനെതിരെ അന്‍വര്‍ നടത്തിയ പരാമര്‍ശം സഭയില്‍ പ്രതിപക്ഷ ബഹളത്തിനും ഇടയാക്കി. തനിക്കെതിരെ പരാതി നല്‍കിയയാള്‍ ആര്യടാന്‍ മുഹമ്മദിന്റെ ബിനാമിയാണെന്നായിരുന്നു അന്‍വറിന്‍റെ ആരോപണം. ഇത് പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രിയുടെ മറുപടിയ്ക്കിടെയും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സര്‍ക്കാര്‍ ഭൂമാഫിയയ്ക്കൊപ്പമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണം. എന്തുകൊണ്ട് ഒരു അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയോട് സഹതാപമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

Follow Us:
Download App:
  • android
  • ios