തിരുവനന്തപുരം: കന്നുകാലി വില്‍പ്പന നിയന്ത്രിക്കാനുള്ള കേന്ദ്ര വിജ്ഞാപനം സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലേയ്ക്കുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കശാപ്പ് നിയന്ത്രണം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ഭരണഘടനയുടെ ലംഘനവും പൗരാവകാശത്തിലേക്കുള്ള കൈകടത്തലുമാണെന്ന് അദ്ദേഹം പറഞ്ഞു. 

ഭരണഘടനയുടെ ഏഴാമത്തെ ആര്‍ട്ടിക്കിളില്‍ പറയുന്നത് പ്രകാരം മൃഗ സംരക്ഷണവും പരിപാലനവും സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ളതാണ്. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്താനോ ഏകപക്ഷീയമായി ഭേദഗതികള്‍ വരുത്താനോ കേന്ദ്രത്തിന് അധികാരമില്ല. കേന്ദ്ര വിജ്ഞാപനത്തിലൂടെ ഗോവധ നിരോധനം എന്ന ആര്‍എസ്എസ് രഹസ്യ അജണ്ടയാണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.

വിജ്ഞാപനം സംസ്ഥാനത്തെ മാട്ടിറച്ചി വിപണിയെ പൂര്‍ണ്ണമായും തകര്‍ക്കുമെന്നും ഗോവധമെന്ന ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും പറഞ്ഞു. അഞ്ചുലക്ഷം പേര്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മാംസാവ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും കറവ വറ്റിയതും പ്രായമേറിയതുമായ കന്നുകാലികളെ വളര്‍ത്താനുള്ള സാമ്പത്തിക ബാധ്യത ക്ഷീര കര്‍ഷകര്‍ക്ക് താങ്ങാന്‍ കഴിയില്ല. പ്രായമായ കന്നുകാലികളെ വില്‍പ്പന നടത്തിയാണ് പുതിയ കാലികളെ വാങ്ങുന്നത്. കന്നുകാലിയെ വളര്‍ത്താന്‍ 40,000 രുപ ചെലവാകുമെന്നിരിക്കെ കാലിവളര്‍ത്തല്‍ അനാദായകരമാകുന്ന നടപടിയാകും.

കേരളത്തില്‍ ഒരു വര്‍ഷം 6500 കോടിയുടെ മാട്ടിറച്ചി വില്‍പ്പന നടക്കുന്നുണ്ട്. രണ്ടര ലക്ഷം ടണ്‍ മാട്ടിറച്ചിയാണ് വിറ്റു പോകുന്നത്. ദരിദ്രരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വല്ലപ്പോഴും മാത്രമാണ് വാങ്ങിക്കാനും കഴിക്കാനും കഴിയുന്നത്. മറ്റ് ഇറച്ചിയുമായി നോക്കുമ്പോള്‍ മാട്ടിറച്ചിക്ക് വില കുറവാണ്. മാട്ടിറച്ചിയുടെ വില കുറഞ്ഞാല്‍ മറ്റ് ഇറച്ചിയുടെ വില കയറുകയും ചെയ്യും. കശാപ്പ് ശാലകള്‍ ഇല്ലാതായാല്‍ മനുഷ്യന്‍ പോലെ തന്നെ മൃഗശാലയിലും മൃഗങ്ങള്‍ കഷ്ടപ്പെടും.

ക്ഷീരമേഖല ലാഭകരമല്ലെന്നു വന്നാല്‍ കര്‍ഷകര്‍ അത് ഉപേക്ഷിക്കും. പാലിന്റെ കാര്യത്തിനായി കേരളം അന്യ സംസ്ഥാനത്തു നിന്നും കൊണ്ടുവരുന്ന കന്നുകാലികളെയാണ് ഉപയോഗിക്കുന്നത്. പുതിയ പ്രതിസന്ധി ക്രമസമാധാന പ്രശ്‌നം കൂടി ഉയര്‍ത്തിയിരിക്കെ പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും വില കയറുന്നതിനും കാരണമാകും. ഇഷ്ടമുള്ള ഭക്ഷണം ഒരാളുടെ പൗരാവകാശമാണ് അതിന്‌മേലുള്ള കടന്നുകയറ്റമാണ് ഈ കേന്ദ്ര വിജ്ഞാപനമെന്നും പിണറായി പറഞ്ഞു.