കവര്‍ച്ചയ്ക്ക്ശേഷം ചാലക്കുടി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വാഹനമുപേക്ഷിച്ചശേഷം നടന്നുപോകുന്ന ഏഴംഗ സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവര്‍ പാലക്കാട്ടേക്കുള്ള തീവണ്ടി അന്വേഷിച്ചതായി റെയില്‍വേ ജീവനക്കാര്‍ മൊഴി നല്‍കി

കൊച്ചി: എറണാകുളത്തും തൃശൂരിലും എടിഎം കവര്‍ച്ച നടത്തിയത് ഇതര സംസ്ഥാന കവര്‍ച്ചാ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ധന്‍ബാദ് എക്സ്പ്രസില്‍ ഏഴംഗ സംഘം കേരളം വിട്ടതായി കണ്ടെത്തി. അന്വേഷണം ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിച്ചു. അതിനിടെ മോഷ്ടാക്കള്‍ ചാലക്കുടില്‍ ഉപേക്ഷിച്ച വാഹനത്തില്‍ കണ്ടെത്തിയ രക്തക്കറ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

കവര്‍ച്ചയ്ക്ക്ശേഷം ചാലക്കുടി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വാഹനമുപേക്ഷിച്ചശേഷം നടന്നുപോകുന്ന ഏഴംഗ സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവര്‍ പാലക്കാട്ടേക്കുള്ള തീവണ്ടി അന്വേഷിച്ചതായി റെയില്‍വേ ജീവനക്കാര്‍ മൊഴി നല്‍കി. പാലക്കാടേക്ക് തീവണ്ടി ഇല്ലെന്നറിഞ്ഞ് ഏഴേകാലിനുള്ള ഗുരുവായൂര്‍ പാസഞ്ചറില്‍ തൃശൂരേക്ക് ടിക്കറ്റെടുത്തു. പിന്നീട് ധന്‍ബാദ് എക്സ്പ്രസില്‍ കേരളം വിട്ടിരിക്കാമെന്നാണ് പൊലീസ് നിഗമനം. 

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി പ്രവര്‍ത്തനരഹിതമായതിനാല്‍ അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. അന്വേഷണത്തിന് ഇതര സംസ്ഥാനങ്ങളിലെ പൊലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നടന്ന സമാനമായ കവര്‍ച്ചകളുടെ വിശദാംശങ്ങളും പ്രതികളെപ്പറ്റിയുള്ള വിവരങ്ങളും അന്വേഷണ സംഘം ഒത്തുനോക്കുന്നുണ്ട്. അടുത്തിടെ ജയില്‍ മോചിതരായ ഇതര സംസ്ഥാന പ്രൊഫഷണല്‍ മോഷ്ടാക്കളുടെ വിവരങ്ങളും ശേഖരിച്ചു.

കവര്‍ച്ചാ സംഘം ഉപേക്ഷിച്ച വാഹനം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. വാഹനത്തില്‍ ഒന്നിലേറെ ഇടങ്ങളില്‍ നിന്നും രക്തക്കറ കണ്ടെത്തി. പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോട്ടയത്തെ വര്‍ക്ക് ഷോപ്പിലെ ജിവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മോഷ്ടാക്കള്‍ സഞ്ചരിച്ച വാഹനത്തിന് അകന്പടിയായി മറ്റൊരു വാഹനമുണ്ടായിരുന്നോ എന്നും പരിശോധിക്കും. കോട്ടയം മുതല്‍ ചാലക്കുടി വരെ പ്രതികള്‍ സഞ്ചരിച്ച വഴിയോരങ്ങളിലെ മൊബൈല്‍ വിശദാശങ്ങളും അന്വേഷണ സംഘം തേടിയിട്ടുണ്ട്.