
ബംഗാളിലെ മൂർഷിദാബാദുകാരൻ ബിലാല്‍ ലഹരിമരുന്നിന്‍റെ ഇടനിലക്കാരനാണെന്ന് അറിഞ്ഞാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം അയാളെ സമീപിച്ചത്. നഗരത്തിലെ ലഹരി മൊത്തവിൽപ്പനക്കാരെന്ന പേരിലാണ് എക്സൈസ് സംഘത്തിനൊപ്പം ഏഷ്യാനെറ്റ് ന്യൂസ് സംഘം ഇയാളെ സമീപിച്ചത്. ബിലാൽ കാര്യം പറഞ്ഞു. നല്ല സാധനം എത്ര വേണമെങ്കിലും തരാം.
കിലോയ്ക്ക് 25000 രൂപ നല്‍കണം. കടലാസിൽ പൊതിഞ്ഞ സാമ്പിള്‍ ബിലാൽ കാണിച്ചു. തൽക്കാലം ഒരു കിലോ വേണം . 5000 രൂപ അഡ്വാൻസ് കിട്ടയിതോടെ അയാൾ മറഞ്ഞു. അൽപം കഴിഞ്ഞ് മറ്റൊരാൾക്കൊപ്പം ഒരു പൊതിയുമായി ജംങ്ഷനിലേ ഇരുട്ടിലേക്ക് നടന്നുനീങ്ങി. ഞങ്ങളെ അവിടേക്ക് വിളിച്ചു. ഓടിയടുത്ത എക്സൈസ് സംഘം ബിലാലിനേയും കൂട്ടാളിയേയും തൽക്ഷണം കീഴ്പ്പെടുത്തി.
ഒന്നരക്കിലോ കഞ്ചാവ് കണ്ടെടുത്തു. ഇരുവരെയും കൂട്ടി നേരെ കൊച്ചിയിലെ ലേബർ ക്യാംപിലെത്തി. ചെറിയ പൊതികളാക്കിയ കഞ്ചാവും പുകയിൽ ഉൽപ്പന്നങ്ങളും കണ്ടെടുത്തു. മെട്രോ നിർമാണത്തൊഴിലാളികളെന്ന പേരിലായിരുന്നു ബിലാലും സംഘവും ലേബർ ക്യാംപിൽ താമസിച്ചത്.
മാസങ്ങൾക്കുളളിൽ കേരളത്തിലെത്തിച്ചത് നൂറുകിലോയിലധികം കഞ്ചാവ്. ഇനി ഈ കണക്കുകൂടിയെന്ന് നോക്കണം. കഴിഞ്ഞ ആറുമാസത്തിനുളളിൽ എറണാകുളത്ത് പൊലീസും എക്സൈസും ചേർന്ന് പിടികൂടിയത്. മുന്നൂറ് കിലോയോളം കഞ്ചാവ്. അറസ്റ്റിലായത് നൂറിലധികം അന്യസംസ്ഥാന തൊഴിലാളികൾ. ഹെറോയിനും ബ്രൗൺഷുഗറുമടക്കം ലഹരിവസ്തുക്കൾ വേറെയും എക്സൈസ് പിടിച്ചിട്ടുണ്ട്.
