കൊല്ലം: കോടതി വിധി അനുകൂലമായിട്ടും റവന്യൂ സര്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ബുദ്ധിമുട്ടുകയാണ് ആയൂര്‍ സ്വദേശി ജോണ്‍ ഇടിച്ചെറിയ. കുടുംബസ്വത്തായ പതിനൊന്നര സെന്റ് പുറമ്പോക്കാക്കിയ ഉദ്യോഗസ്ഥരുടെ നടപടി കോടതിതള്ളി മുപ്പത് മാസമായിട്ടും ജോണിന് സ്ഥലം തിരികെ കിട്ടിയില്ല.

കുടുംബസ്വത്തായി കിട്ടിയ 38സെന്‍റിനോട് ചേര്‍ന്ന പുറമ്പോക്ക് ഭൂമി മറ്റു രണ്ടു പേര്‍ക്ക് ഉദ്യോഗസ്ഥര്‍ പതിച്ചു കൊടുത്തതോടെയാണ് ജോണിന്‍റെ കഷ്ടകാലം തുടങ്ങിയത്. പുറമ്പോക്ക് ഇടപാടിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ അന്വേഷണം നടന്നെങ്കിലും അനധികൃതമായി കൊടുത്ത പുറമ്പോക്ക് ഉദ്യോഗസ്ഥര്‍ തിരിച്ചെടുത്തില്ല.
പകരം ജോണിന്‍റെ 38 സെന്‍റില്‍ നിന്ന് പതിനൊന്നര സെന്‍റ് പുറമ്പോക്കാക്കി. റീസര്‍വേയില്‍ ജോണിന്‍റെതാണെന്ന് തെളിഞ്ഞ ഭൂമിയാണ് ഇങ്ങനെ പുറമ്പോക്കാക്കിയത്. 2002 വരെ കരമടച്ച് നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനായി അന്നു മുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങുകയാണ് ജോണ്‍.
സഹികെട്ട് 2013 ല്‍ കൊല്ലം കലക്ടറെ അടക്കം എതിര്‍ കക്ഷിയാക്കി കോടതിയെ സമീപിച്ചിരുന്നു. 2015 ജനുവരിയില്‍ അനുകൂല വിധിയുമുണ്ടായി. കഴിഞ്ഞ 30 മാസമായി കോടതി വിധി നടപ്പാക്കി കിട്ടാന്‍ 68കാരന്‍ ഓഫിസുകള്‍ കയറി ഇറങ്ങുകയാണ് ജോണ്‍ ഇടിച്ചെറിയ.
