തിരുവനന്തപുരം: സംസ്ഥാനത്ത് ജയ അരിക്ക് ഇനി ക്ഷാമമുണ്ടാകില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്. ഇടനിലക്കാരെ ഒഴിവാക്കി ആന്ധ്രയില്‍ നിന്ന് അരിയുടെ ആദ്യ ലോഡ് 25ന് കേരളത്തിലെത്തും. ഓണക്കാലത്ത് 5000 ടണ്‍ അരിയാണ് ആന്ധ്രയില്‍ നിന്ന് ഇറക്കുന്നത്.

ഇടനിലക്കാരെ ഒഴിവാക്കി മില്ല് ഉടമകളില്‍ നിന്ന് നേരിട്ട് അരി വാങ്ങി നല്‍കാനാണ് ആന്ധ്രാ സര്‍ക്കാറുമായി കേരളം ഉണ്ടാക്കിയ കരാര്‍. ഓണക്കാല വിപണിയില്‍ മാത്രം 5000 ടണ്‍ ജയ അരി വേണമെന്നാണ് ഭക്ഷ്യ വകുപ്പിന്റെ കണക്ക്. അത്രയും അരി ആദ്യം ആന്ധ്രയില്‍ നിന്ന് എത്തിക്കും. റോഡ് മാര്‍ഗ്ഗം യാത്രാ നിരക്ക് അടക്കം കിലോയ്ക്ക് ചെലവ് 34 രൂപ നാല്‍പ്പത്തെട്ട് പൈസയാണ്. വാഗണ്‍ വഴിയാണെങ്കില്‍ ചെലവ് ഇനിയും കുറയും. പ്രതിമാസം ശരാശരി 7000 ടണ്‍ അരിയെങ്കിലും കേരളത്തില്‍ വിറ്റ് പോകും. മില്ലുടമകള്‍ക്ക് പുറമെ അടുത്ത സീസണുമുന്‍പ് കര്‍ഷകരുമായി കൂടി കരാറുണ്ടാക്കിയാല്‍ കൂടുതല്‍ അരി സംഭരിക്കാമെന്നാണ് കണക്കുകൂട്ടല്‍. അരിക്ഷാമം തീര്‍ന്നാല്‍ വില ഇനിയും കുറയ്ക്കാനാകുമെന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്.