പ്രവാസികള്‍ക്കായി ബജററില്‍ പ്രഖ്യാപിച്ചതിനെ കക്ഷിഭേദമന്യേ സ്വാഗതം ചെയ്യുകയാണ് പ്രവാസി സംഘടനകള്‍. വിദേശമലയാളികളുടെ യഥാര്‍ത്ഥമൂല്യത്തെ കണ്ടറിഞ്ഞ ബജററ് പ്രഖ്യാപനമെന്നാണ് പ്രവാസികൂട്ടായ്മകളുടെ പൊതുവേയുള്ള പ്രതികരണങ്ങള്‍.

പ്രവാസിക്ഷേമപെന്‍ഷന്‍ 500 രൂപയില്‍ നിന്നും 2000രൂപയാക്കിയതു തന്നെ വലിയ കാര്യമാണ്. പെന്‍ഷന്‍ വര്‍ദ്ധന പ്രവാസികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. കൂടാതെ പുനരധിവാസത്തിനും നൈപുണ്യവികസനത്തിനും 18 കോടി രുപയും ധനമന്ത്രി നീക്കിവെച്ചിട്ടുണ്ട്. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡാററാബാങ്ക് തയ്യാറാക്കുന്നതും നല്ലകാര്യം. എല്ലാ വിദേശമലയാളികളെയും ഇന്‍ഷുറന്‍സ് പാക്കേജില് ഉള്‍പ്പെടുത്താനായി 5 കോടി രുപ നീക്കിവെച്ചതും അഭിനന്ദനാര്‍ഹം തന്നെ.

വിദേശമലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിനായി ലോക കേരളസഭ രുപികരിക്കുന്നതും എം എല്‍ എ മാരെയും പ്രവാസി പ്രതിനിധികളെയും പങ്കാളികളാക്കുന്നതും
പുതുമയേറിയ കാര്യംതന്നെ. പ്രവാസികള്‍ക്കായി കെ എസ് എഫ് ഇ പ്രത്യേക ചിട്ടി രൂപീകരിക്കുന്നതും നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നതും ഈ പണം കിഫ്ബി ബോണ്ടില്‍ നിക്ഷേപിക്കുന്നതും പ്രവാസികളുടെ നിക്ഷേത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നതു കൊണ്ടാണെന്നും പ്രവാസികള്‍ തിരിച്ചറിയുന്നു .

ചുരുക്കത്തില്‍ കേരളവികസനത്തിലെ മുഖ്യപങ്ക് പ്രവാസികള്‍ക്കാണെന്ന് വിളിച്ചു പറയുന്ന ബഡ്ജററില്‍ പ്രവാസി ക്ഷേമത്തിനും കൂടി നല്ല പദ്ധതികള്‍ ഉള്‍പ്പെടുത്തിയതിന് ധനമന്ത്രിയെ അഭിനന്ദിക്കുകയാണ് എല്ലാ പ്രവാസി സംഘടനകളും.

എന്നാല്‍ സംസ്ഥാന ബജറ്റിന് കുവൈത്തില്‍ സമ്മിശ്ര പ്രതികരണമാണ്. ഇടത് അനുകൂല സംഘടനകള്‍ ബജറ്റ് നല്ലതെന്ന് പറയുമ്പോള്‍ കോണ്‍ഗ്രസ് സംഘടനകളുടെ അഭിപ്രായം മറിച്ചാണ്. എന്നാല്‍ സംഘടനകളുടെ അഭിപ്രായങ്ങളെക്കാളും പ്രഖ്യാപിച്ച പദ്ധതികള്‍ ഫലപ്രദമായി നടപ്പില്‍ വരണമെന്ന ആവശ്യം മത്രമാണ് സാധാരണ ജനങ്ങള്‍ക്കുള്ളത്.