മിഡിൽ ഈസ്റ്റിൽ 50,000 സൈനികരെ അമേരിക്ക വിന്യസിച്ചു. 2,000 ഇറാനിയൻ ലക്ഷ്യസ്ഥാനങ്ങൾ തകർത്തതായും, സജീവമായി നീങ്ങുന്ന ഒരു ഇറാനിയൻ കപ്പൽ പോലും അവശേഷിക്കുന്നില്ലെന്നും യുഎസ് സൈന്യം അവകാശപ്പെട്ടു.
ന്യൂയോർക്ക്: ഇറാൻ ആക്രമണത്തിൽ ഇതിനോടകം തന്നെ 50,000 സൈനികരും 200 യുദ്ധവിമാനങ്ങളും പങ്കുചേർന്നതായി യുഎസ് സൈന്യം. 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കത്തിൽ രണ്ട് വിമാനവാഹിനിക്കപ്പലുകൾ, ലോംഗ് റേഞ്ച് ബോംബർ വിമാനങ്ങൾ എന്നിവയും പങ്കെടുക്കുന്നതായി യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു. കൂടുതൽ സൈനികരും വെടിക്കോപ്പുകളും മിഡിൽ ഈസ്റ്റിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അഡ്മിറൽ കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിൽ നടക്കുന്ന ഏറ്റവും വലിയ അമേരിക്കൻ സൈനിക വിന്യാസമാണിതെന്നാണ് വിലയിരുത്തൽ.
അതേസമയം, 17 കപ്പലുകൾ ഉൾപ്പെടെ 2,000 ഇറാനിയൻ ലക്ഷ്യസ്ഥാനങ്ങൾ തകർത്തതായി യുഎസ് സൈന്യം അവകാശപ്പെട്ടു. 'ഓപ്പറേഷൻ എപിക് ഫ്യൂറി' ആരംഭിച്ചത് മുതൽ ഇതുവരെ ഏകദേശം 2,000 ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഒരു അന്തർവാഹിനി ഉൾപ്പെടെ 17 ഇറാനിയൻ നാവിക കപ്പലുകൾ തകർത്തതായും സൈന്യം വ്യക്തമാക്കി. ഇന്ന് അറേബ്യൻ കടലിടുക്കിലോ, ഹോർമുസ് കടലിടുക്കിലോ, ഒമാൻ ഉൾക്കടലിലോ സജീവമായി നീങ്ങുന്ന ഒരു ഇറാനിയൻ കപ്പൽ പോലും അവശേഷിക്കുന്നില്ലെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ തിങ്കളാഴ്ച ഉണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ യുഎസ് എംബസിയിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ (സിഐഎ) കേന്ദ്രത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, സിഐഎ കേന്ദ്രത്തെ ലക്ഷ്യം വെച്ചാണോ ഈ ആക്രമണം നടന്നതെന്ന കാര്യത്തിൽ സൂചനകളൊന്നുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ആയുധ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അമേരിക്കൻ പ്രതിരോധ വ്യവസായ മേഖലയിലെ പ്രമുഖർ ഉടൻ വൈറ്റ് ഹൗസിൽ യോഗം ചേരും.


