തൃശ്ശൂര്‍: സംസ്ഥാന ബജറ്റിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സാംസ്കാരിക തലസ്ഥാനമായ തൃശൂർ. സാംസ്കാരിക നായകരുടെ സ്മാരകങ്ങൾ ഉൾപ്പെടെ നിരവധി പദ്ധതികൾ ഇത്തവണ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷ. സാംസ്കാരിക രംഗത്ത് ഏറെ പ്രതീക്ഷ നൽകിയ ബജറ്റായിരുന്നു കഴിഞ്ഞ തവണത്തേത്. ഓരോ ജില്ലയിലും സാംസ്കാരിക നായകരുടെ പേരിൽ മന്ദിരം,സാഹിത്യ അക്കാദമിക്ക് ഗ്രാന്‍റ് ഇനത്തിൽ 50 ശതമാനം വർദ്ധന ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങൾ. 

സാംസ്കാരിക നായകരുടെ പേരിൽ നിർമ്മിക്കുന്ന സ്മാരകങ്ങൾ തന്നെയാണ് പുതിയ ബജറ്റിലും ശ്രദ്ധാകേന്ദ്രം. നാല് ജില്ലകളിൽ മാത്രമാണ് പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനായത്.പലയിടത്തും പദ്ധതിക്ക് വേഗമില്ല. കഴിഞ്ഞ വർഷത്തെ വാഗ്ദാനം വാങ്ങിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കേരള സാഹിത്യ അക്കാദമി.

പ്ലാൻ ഇനത്തിൽ കേരള സാഹിത്യ അക്കാദമിക്ക് അനുവദിച്ച 3.67 കോടി രൂപയിൽ . ആദ്യ രണ്ട് ഗഡു മാത്രമാണ് ഇപ്പോൾ കിട്ടിയത്. സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളിലായി ചെറുശ്ശേരി, ജി ശങ്കരക്കുറുപ്പ് ചെറുകാട് കുഞ്ഞുണ്ണിമാഷ് തുടങ്ങിയ സാംസ്കാരിക നായകർക്ക് സ്മാരകം പണിയാനുള്ള സഹായവും ഈ ബജറ്റിൽ അക്കാദമി പ്രതീക്ഷിക്കുന്നു.