കോട്ടയം: കേരള കോണ്‍ഗ്രസ് അധികകാലം ഒറ്റയ്ക്കു നിക്കേണ്ടെന്ന നിലപാടുമായി ജോസഫ് വിഭാഗം. മുന്നണി രാഷ്ട്രീയത്തിനു കേരളത്തില്‍ പ്രസക്തിയുണ്ടെന്നു പി.ജെ. ജോസഫും മോന്‍സ് ജോസഫും നിലപാടെടുത്തു.

സ്വതന്ത്രവും ഇരു മുന്നണികളോടും സമദൂര നയവും സ്വീകരിക്കുകയെന്ന ചരല്‍ക്കുന്ന് പ്രഖ്യാപനത്തോട് പി.ജെ. ജോസഫിന് എതിര്‍പ്പില്ലെങ്കിലും അധിക കാലം ഇങ്ങനെ തുടരേണ്ടെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. ഒറ്റയ്ക്കു നിന്നു ശക്തിപ്പെടുകയും പിന്നീടു മുന്നണി രാഷ്ട്രീയത്തിലേക്കു നീങ്ങുകയുമാണു വേണ്ടതെന്ന് പി.ജെ. ജോസഫ് പറഞ്ഞു. എന്‍ഡിഎയുമായി ഒരു തരത്തിലുള്ള നീക്കുപോക്കിനുമില്ലെന്നും ജോസഫ് വിഭാഗം വ്യക്തമാക്കുന്നു.

മുന്നണി രാഷ്ട്രീയത്തിനുതന്നെയാണു കേരളത്തില്‍ പ്രസക്തിയെന്നു മോന്‍സ് ജോസഫ് പറഞ്ഞു. ചരല്‍ക്കുന്ന് തീരുമാനം വന്ന് അഞ്ചു ദിവസത്തിനുള്ളില്‍ മുന്നണി ബന്ധം സംബന്ധിച്ചു നേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം വന്നത് ഇക്കാര്യത്തില്‍ പാര്‍ട്ടിയിലുള്ള ഭിന്നതയാണു വെളിവാക്കുന്നതെന്നാണു റിപ്പോര്‍ട്ട്.