തിരുവനന്തപുരം:കോണ്‍ഗ്രസും ബിജെപിയും കര്‍ഷകവിരുദ്ധ പാര്‍ട്ടിയാണെന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണിയുടെ നിലപാടിനെ തള്ളി പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. ഇപ്പോള്‍ കോണ്‍ഗ്രസിന്‍റേത് കര്‍ഷകവിരുദ്ധ നിലപാടല്ലെന്നാണ് പി.ജെ.ജോസഫ് പറയുന്നത്.
വിലക്കയറ്റത്തിനെതിരെ യൂത്ത് ഫ്രണ്ട് നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് പി.ജെ.ജോസഫ് ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് മുന്‍പ് കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നുവെന്നും അന്ന് തങ്ങളെല്ലാം കൂടി പറഞ്ഞു അത് തിരുത്തിയിരുന്നുവെന്നും ഇപ്പോള്‍ കോണ്‍ഗ്രസിന്‍റേത് കര്‍ഷകവിരുദ്ധ നിലപാടല്ലെന്നുമാണ് പി.ജെ.ജോസഫ് പറയുന്നത്.
പാര്‍ട്ടി ചെയര്‍മാന്‍റെ നിലപാട് പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ തന്നെ തള്ളിപറഞ്ഞതോടെ മുന്നണി പ്രവേശനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ട് അഭിപ്രായമുണ്ടെന്ന കാര്യം കൂടുല്‍ വ്യക്തമായിരിക്കുകയാണ്. യുഡിഎഫിലേക്ക് വീണ്ടും പോയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാലുവാരുമെന്ന ഭയമാണ് കേരള കോണ്‍ഗ്രസിനുള്ളത്. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയും വൈസ് ചെയര്‍മാന്‍ ജോസ്.കെ.മാണിയും ഇടതുപക്ഷത്തേക്ക് പോകണമെന്നാഗ്രഹിക്കുന്നത് ഈ സാഹചര്യത്തിലാണ്. എന്നാല്‍ പി.ജെ.ജോസഫും അദ്ദേഹത്തെ അനുകൂലിക്കുന്നവരും യുഡിഎഫ് ക്യാംപിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹിക്കുന്നത്. സാധാരണ പ്രവര്‍ത്തകരും അതാണ് ആഗ്രഹിക്കുന്നതെന്നും ജോസഫ് പക്ഷം വാദിക്കുന്നു.
