ഇടുക്കി: കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് എല്‍ഡിഎഫിലേക്ക് വരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ഈ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോണ്‍ഗ്രസ് (എം) നെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാണിയുടെ അഴിമതിക്കെതിരെ സമരം നടത്തിയാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. അഴിമതിയുടെത് മാത്രമല്ല, സോളാര്‍ കേസിലും പ്രതിയായ ഒരാളുടെ പാര്‍ട്ടിയെ ഇടതുമുന്നണിക്കൊപ്പം കൂട്ടേണ്ടതില്ല. മാണി ഗ്രൂപ്പിനെ തൈലം തളിച്ച് മുന്നണിയിലേയ്ക്ക് സ്വീകരിക്കേണ്ട പുതിയ ഒരു സാഹചര്യം ഇപ്പോഴില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. നിര്‍ണായക തീരുമാനമെടുക്കാന്‍ മഹാസമ്മേളനം കോട്ടയത്ത് ചേരാനിരിക്കുകയാണ്. സമ്മേളനത്തില്‍ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നുത്. ഈ സാഹചര്യത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
