തിരുവനന്തപുരം: കേരള കോണ്‍ഗസിന്റെ നിര്‍ണ്ണായക ചരല്‍ക്കുന്ന് ക്യാംപ് നാളെ തുടങ്ങാനിരിക്കെ മാണിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് അവസാന ശ്രമത്തില്‍. മാണി യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും മറിച്ചുവന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസിന്റേതല്ലെന്നും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞു. അതിനിടെ ബിജെപിയുമായി ഒരു സഖ്യവുമില്ലെന്നു കേരള കോണ്‍ഗ്രസ് വ്യക്തമാക്കി.

ചരല്‍ക്കുന്നു പ്രഖ്യാപനത്തിനായി രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ കോണ്‍ഗ്രസ് അവസാന വട്ട അനുരജ്ഞന നീക്കത്തിലാണ്. മാണിയെ മെരുക്കാനുള്ള ദൗത്യവുമായി ഉമ്മന്‍ചാണ്ടി കോട്ടയത്തേക്കു തിരിച്ചു. മാണിക്കെതിരെ കോണ്‍ഗ്രസില്‍നിന്നുയര്‍ന്ന എതിരഭിപ്രായങ്ങള്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തള്ളി.

ക്യാംപില്‍ വിശദമായ ചര്‍ച്ചയുണ്ടാകുമെന്നാണു മാണി ഗ്രൂപ്പിന്റെ അറിയിപ്പ്. എന്നാല്‍ ചരല്‍ക്കുന്നു വഴി താമരയ്ക്കൊപ്പം പോകാനിടയുണ്ടെന്ന പ്രചാരണം കേരള കോണ്‍ഗ്രസ് തള്ളി. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കാന്‍ മാനസികമായി മാണി ഗ്രൂപ്പ് തയാറെടുത്ത സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ദൗത്യം വിജയിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.