കോട്ടയം: കേരളകോണ്‍ഗ്രസിന്റെ മഹാസമ്മേളനം നാളെ കോട്ടയത്ത് തുടങ്ങും. മുന്നണി പ്രവേശനം സംബന്ധിച്ച് മഹാസമ്മേളനത്തില്‍ തീരുമാനമുണ്ടാകില്ലെന്നും അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും പി.ജെ ജോസഫ് അറിയിച്ചു. 16ലെ പ്രതിനിധി സമ്മേളനത്തില്‍ രാഷ്ട്രീയനിലപാട് സംബന്ധിച്ച പ്രമേയം ഉണ്ടാകില്ല.

കേരളകോണ്‍ഗ്രസിന്റ മുന്നണിപ്രവേശനം പാര്‍ട്ടിയില്‍ പരസ്യതര്‍ക്കങ്ങള്‍ക്കിടയാക്കിരിക്കുന്ന സാഹചര്യത്തിലാണ് മഹാസമ്മേളത്തില്‍ പ്രഖ്യാപനം വേണ്ടെന്ന് വച്ചത്. മാണി വിഭാഗത്തെ ഒപ്പം കൂട്ടുന്ന കാര്യം സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ ആശയക്കുഴപ്പം സൃഷ്ട്ടിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് എങ്ങനെയാണ് മറ്റ് പാര്‍ട്ടികള്‍ ആലോചിക്കുകയെന്ന ചോദ്യമാണ് നേതാക്കള്‍ പലരും ഉന്നയിക്കുന്നത്. 

എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച രഹസ്യനീക്കങ്ങള്‍ നടത്തുവെന്നാണ് ജോസഫ് വിഭാഗം കരുതുന്നത്. ഈ സാഹചര്യത്തിലാണ് മഹാസമ്മേളനത്തില്‍ മുന്നണിപ്രവേശനം സംബന്ധിച്ച തീരുമാനമുണ്ടാകില്ലെന്ന് വ്യക്തമാക്കി പിജെ ജോസഫ് രംഗത്തെത്തിയത്

ചരല്‍ക്കുന്ന് തീരുമാനത്തില്‍ ഇപ്പോള്‍ മാറ്റമില്ലെന്ന ജോസഫിന്റെ വാക്കുകള്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന സൂചനയായി. 16ലെ പ്രതിനിധി സമ്മേളനത്തില്‍ മുന്നണിപ്രവേശനം ചര്‍ച്ച ചെയ്യുമെങ്കിലും ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ലെന്നാണ് കെ എം മാണി നേതാക്കളെ അറിയിക്കുന്നത്.