രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് യോഗം ഉടന്‍ 

കോട്ടയം: രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് യോഗം ഉടന്‍ ആരംഭിക്കും. പാലയില്‍ വെച്ചാണ് കേരള കോണ്‍ഗ്രസിന്‍റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം. കെ.എം.മാണിക്കോ ജോസ് കെ.മാണിക്കോ ആണ് സാധ്യത. മറ്റു പേരുകളും പരിഗണനയിലുണ്ട്.

അതിനിടെ ചെര്‍പ്പുങ്കലിലെ റിസോര്‍ട്ടില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് മാണിയും ജോസഫും കൂടിക്കാഴ്ച നടത്തി. ജോസ് കെ മാണിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പാലായിലെ മാണിയുടെ വസതിയില്‍ കേരളാ കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഉടനെ തുടങ്ങും.നേതാക്കള്‍ മാണിയുടെ വീട്ടിലെത്തി.

രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാനില്ലെന്നായിരുന്നു കെഎം മാണിയുടെ ആദ്യ പ്രതികരണം. ജോസ് കെ മാണിയും മത്സരിക്കേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും കെഎം മാണി പറഞ്ഞു. മാണിക്കും മകനും മത്സരിക്കാനില്ലെങ്കില്‍ വേറെ ആളുണ്ടെന്ന് പി.ജെ.ജോസഫും പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തവരെ മറക്കരുതെന്നും ജോസഫ് പറഞ്ഞിരുന്നു. അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ കോണ്‍ഗ്രസിൽ നിന്ന് പിടിച്ചെടുത്ത സീറ്റാണിത്.