രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യസഭാ സീറ്റ് വിട്ടു നല്‍കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി ഇന്ന് ഉച്ചയ്ക്കും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 

ദില്ലി:ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. യുഡിഎഫിന്‍റെ വിശാല താല്‍പര്യം പരിഗണിച്ചു കൊണ്ട് ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുന്നത്. 

രാജ്യസഭയില്‍ ബിജെപി ശക്തിപ്രാപിച്ചു വരുന്ന സാഹചര്യത്തില്‍ പരമാവധി കോണ്‍ഗ്രസ് എംപിമാരെ അവിടെ എത്തിക്കണം എന്നായിരുന്നു ഹൈക്കമാന്‍ഡ് നിലപാട്. യുഡിഎഫിലേക്കുള്ള തിരിച്ചു വരവിന്‍റെ ഭാഗമായി രാജ്യസഭാ സീറ്റ് എന്ന ആവശ്യം കേരള കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നുവെങ്കിലും അതില്‍ നിര്‍ബന്ധബുദ്ധി കാണിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് രാവിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് നിലപാട് മാറിയത്. കേരള കോണ്‍ഗ്രസിന്‍റെ ഈ ആവശ്യത്തെ മുസ്ലീംലീഗും ശക്തമായി പിന്തുണച്ചു. 

കുഞ്ഞാലിക്കുട്ടി നേരിട്ട് തന്നെ ഗുലാം നബി ആസാദും മറ്റു ഉന്നതനേതാക്കളുമായും ചര്‍ച്ച നടത്തുകയും കേരളത്തില്‍ മുന്നണിയെ ശക്തിപ്പെടുത്തണമെങ്കില്‍ കേരള കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടു വരണം എന്ന കാര്യം വ്യക്തമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യസഭാ സീറ്റ് വിട്ടു നല്‍കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി ഇന്ന് ഉച്ചയ്ക്കും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ കേരള കോണ്‍ഗ്രസും മുസ്ലീംലീഗും നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റു വഴികളില്ലാതെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ പിന്താങ്ങുന്നു എന്നാണ് സൂചന. സംസ്ഥാന നേതാക്കള്‍ ഒന്നിച്ചു നിന്ന് ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞാല്‍ അത് രാഹുല്‍ ഗാന്ധി തള്ളിക്കളയാനും സാധ്യതയില്ല. വ്യാഴാഴ്ച്ച വൈകിട്ട് രാഹുലുമായി ജോസ് കെ മാണിയും കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട് നിര്‍ണായകമായ ഈ യോഗത്തോടെ രാജ്യസഭാ സീറ്റില്‍ അന്തിമതീരുമാനമുണ്ടാകാനാണ് സാധ്യത.