കേരളത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വൃദ്ധ മരിച്ചതിന്റെ പിറ്റേദിവസം മേനകഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ടീം കേരള സൈബര്‍ വാരിയേഴ്‌സാണ് മേനകാ ഗാന്ധിയുടെ പീപ്പിള്‍ ഫോര്‍ അനിമല്‍സ് ഇന്ത്യ ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റ് ഹാക്ക് ചെയ്‌തത്. ഇപ്പോള്‍ ഈ വെബ്സൈറ്റ് തുറന്നാല്‍ ടീം കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്‌തതായും ഫീല്‍ ദ പവര്‍ ഓഫ് ഇന്ത്യന്‍ ഹാക്കേഴ്‌സ് എന്ന സന്ദേശവും #Stay_Dog_Free_India എന്നാ ഹാഷ്‌ ടാഗും കാണാനാകും. കൂടാതെ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് അമ്പതോളം നായ്‌ക്കളുടെ ആക്രമണത്തില്‍ വൃദ്ധ മരിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും കാണാനാകും. ഇന്ത്യയില്‍ മൃഗ സ്‌നേഹികളുടെ കൂട്ടായ്‌മയ്‌ക്ക് നേതൃത്വം നല്‍കുന്നത് മേനകാ ഗാന്ധിയാണ്. മുമ്പ് പലതവണ തെരുവുനായ്‌ക്കളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍പ്പുമായി മേനകാഗാന്ധിയും സംഘവും രംഗത്തുവരുകയായിരുന്നു.