Asianet News MalayalamAsianet News Malayalam

വിവാഹമോചനത്തിന് പോയ ഭര്‍ത്താവിന് കിട്ടിയത് എട്ടിന്‍റെ പണി

kerala divorce case
Author
First Published Jan 29, 2018, 10:20 AM IST

തൊടുപുഴ:  വിവാഹമോചനത്തിന് ശ്രമിച്ച ഭര്‍ത്താവിനെതിരേ ഭാര്യ കൊടുത്ത കേസില്‍ കിട്ടിയത് വലിയ പിഴ. കോടതി വിധിച്ചത് 65 ലക്ഷം രൂപയും 63 പവനും ഭാര്യയ്ക്ക് നല്‍കാന്‍. വണ്ണപ്പുറം കൂട്ടുങ്കല്‍ ജോളിക്കും ജോളിയുടെ മാതാപിതാക്കള്‍ക്കുമെതിരേ കുടുംബ കോടതി ജഡ്ജി എം.കെ. പ്രസന്നകുമാരിയുടെ സുപ്രധാന വിധി.

ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ക്കും എതിരേ ഭാര്യ നല്‍കിയ കേസില്‍ 63,00,160 രൂപയും 65 പവന്‍ സ്വര്‍ണവും വീടും സ്ഥലവും നല്‍കാനാണ് വിധി. വിവാഹസമയം കുടുംബവിഹിതമായി നല്‍കിയ 50 പവന്‍ സ്വര്‍ണം ഭര്‍ത്താവിനോടും മാതാപിതാക്കളോടും ഹര്‍ജിക്കാരിക്ക് തിരികെ നല്‍കാനും ഹര്‍ജിക്കാരി പിന്നീട് സമ്പാദിച്ച 15 പവന്‍ സ്വര്‍ണം ഭര്‍ത്താവിനോടും തിരികെ നല്‍കാനുമാണ് വിധിയിലെ നിര്‍ദ്ദേശം. 

കൂടാതെ 19.07.2006 ല്‍ ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും പേരില്‍ വാങ്ങിയ 15 സെന്‍റ് വസ്തുവില്‍ 2007 ല്‍ പുതുതായി പണിത വീടും ഭാര്യയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും കോടതി ഉത്തരവായി. ഈ സ്ഥലം സംബന്ധിച്ച് ഭര്‍ത്താവിന് എതിരെ ശാശ്വത നിരോധന ഉത്തരവും കുടുബകോടതി വിധിച്ചു. ഭാര്യ ഡല്‍ഹിയിലും, സൗദിയിലും ജോലി ചെയ്ത് ഉണ്ടാക്കിയ പണം മുഴുവന്‍ ഭര്‍ത്താവ് ധൂര്‍ത്ത് കാണിച്ച് നശിപ്പിച്ചതായും കോടതി നിരീക്ഷിച്ചു. 

1998 മുതല്‍ ഹര്‍ജിക്കാരി പലപ്പോഴായി ഭര്‍ത്താവിന് നല്‍കിയ 20 ലക്ഷം രൂപയും 2006-ലും 2009 ലും വസ്തുക്കള്‍ വിറ്റ വകയില്‍ ഭര്‍ത്താവിന് കിട്ടിയ പണവും വിവാഹസമയം നല്‍കിയ 5 ലക്ഷം രൂപയും ഉള്‍പ്പെടെ 63,00,160/ രൂപയുമാണ് ഹര്‍ജിക്കാരിക്ക് തിരികെ നല്‍കാന്‍ വിധിയായിട്ടുള്ളത്. തുക 3 മാസത്തിനുള്ളില്‍ ഭാര്യയ്ക്ക് നല്‍കണമെന്നും അല്ലാത്ത പക്ഷം ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള വസ്തു ലേലം ചെയ്ത് ഈടാക്കിയെടുക്കാമെന്നും കോടതി അനുവദിച്ചു.

Follow Us:
Download App:
  • android
  • ios