കൊച്ചി: മദ്യവും മയക്കുമരുന്ന് ഉപയോഗവും ശക്തമാണെന്ന ആരോപണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ എക്‌സൈസ് റെയ്ഡ്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്‍റെ നേതൃത്വത്തില്‍ എക്‌സൈസ്, പോലീസ് സംഘങ്ങള്‍ പരിശോധന നടത്തി. 

അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പ്രധാനമായും കൊച്ചി, തൃശൂര്‍ ജില്ലകളിലെ ക്യാമ്പുകളാണ് പരിശോധിക്കുന്നത്. രാവില്‍ 6.30 ന് തുടങ്ങിയ റെയ്ഡില്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ് പലയിടങ്ങളിലായി പങ്കെടുത്തത്. 

കൊച്ചിയില്‍ ആലുവ, അങ്കമാലി, പെരുമ്പാവൂര്‍ എന്നിങ്ങനെ അന്യ സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായ സ്ഥലത്താണ് പരിശോധന നടന്നത്. റെയ്ഡില്‍ നിന്നും വ്യാപകമായ ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പെരുമ്പാവൂരിലാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് റെയ്ഡില്‍ പങ്കെടുത്തത്. തൃശൂര്‍ ജില്ലയിലും ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.