കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസ് കെട്ടിടത്തിൽ കർഷകനായ ജോയി തൂങ്ങി മരിച്ച സംഭവത്തിൽ വില്ലേജ് അസിസ്റ്റന്‍റിനെതിരേ പോലീസ് കേസെടുത്തു. ചെമ്പനോട വില്ലേജ് അസിസ്റ്റന്‍റായിരുന്ന സിലീഷിനെതിരേയാണ് ആത്മഹത്യ പ്രേരണാക്കുറ്റം പോലീസ് ചുമത്തിയത്. പെരുവണ്ണാമുഴി പോലീസ് കേസിൽ റിപ്പോർട്ട് തയാറാക്കി പേരാന്പ്ര ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നേരത്തെ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ സിലീഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ നികുതി സ്വീകരിക്കാൻ അപേക്ഷ നൽകിയിട്ടും ഭൂനികുതി സ്വീകരിക്കാത്തതിൽ മനംനൊന്താണ് കർഷകനായ ജോയി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് വിജലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വില്ലേജ്- താലൂക്ക് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് വിശദമായി അന്വേഷിക്കാനാണ് ഡയറക്ടറുടെ നിർദേശം. കോഴിക്കോട് വിജിലൻസ് യൂണിറ്റിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
