പ്രളയത്തിൽ ജില്ലയിൽ രണ്ട് പേർ മരിച്ചു. നാലായിരത്തി മുന്നൂറുപേരെ രക്ഷപെടുത്തിയെന്നാണ് ഔദ്യോഗിക കണക്ക്. 

റാന്നി: പത്തനംതിട്ട ജില്ലയിൽ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്ത‌ാനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിച്ചു. പ്രളയത്തിൽ ജില്ലയിൽ രണ്ട് പേർ മരിച്ചു. നാലായിരത്തി മുന്നൂറുപേരെ രക്ഷപെടുത്തിയെന്നാണ് ഔദ്യോഗിക കണക്ക്. 

പുലർച്ചെ നാലരയോടെ തുടങ്ങിയ രക്ഷാപ്രവർത്തനം രാത്രി ഏഴരയോടെ അവസാനിച്ചു. കൊല്ലത്ത് നിന്നും എട്ട് മത്സ്യബന്ധന ബോട്ടുകൾ ജില്ലയിലെത്തിച്ച‌ാണ് രാവിലെ രക്ഷാപ്രവർത്തനം തുടങ്ങിയത്. അഞ്ച് ബോട്ടുകൾ ആറന്മുള, കോഴഞ്ചേരി ഭാഗത്തും മൂന്ന് ബോട്ടുകൾ റാന്നി, വടശേരിക്കര ഭാഗത്തും രക്ഷാപ്രവർത്തനത്തിനിറങ്ങി. മത്സ്യത്തൊഴിലാളികളും പൊലീസ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന സംഘമാണ് വീടുകളിൽ രണ്ട് ദിവസമായി കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്തി പുറംലോകത്തെത്തിച്ചത്.

പിന്നാലെ ദേശീയ ദുരന്തനിവാരണ സേനയുടെ പത്ത് സംഘവും ജില്ലയിൽ അധികമായെത്തി. ഇവരുടെ ഡിങ്കി ബോട്ടുകളിലും രക്ഷാപ്രവർത്തനം നടത്തി. ഇലന്തൂർ, വഞ്ചിത്ര, തെക്കേമല എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങി. പതിനൊന്ന് മണിയോടെ
നേവിയുടെ സഹായത്തോടെ ഒറ്റപ്പെട്ടെവരെ എയർലിഫ്റ്റ് ചെയ്യുമെന്ന് അറിയിച്ചെങ്കിലും മോശം കാലാവസ്ഥ പ്രതികൂലമായി.

നാമമാത്രമായ ആളുകളെ മാത്രമാണ് ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്താനായത്. ആറന്മുള,ഇടയാറന്മുള ഭാഗങ്ങളിൽ പലയിടത്തും ആളുകൾ രക്ഷപെടാനാകാതെ വീടുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിനിടെ നെല്ലിക്കലിൽ വീടിന്റെ ഒന്നാം നിലയിൽ നിറഞ്ഞ വെള്ളത്തിൽ വീണ് അമ്മിണിയമ്മയെന്ന വൃദ്ധയും, പാണ്ടനാണ് വീടിന്റെ ഒന്നാം നിലയിൽ നിറഞ്ഞ വെള്ളത്തിനുള്ളിൽ വീണ് വൃദ്ധനും മരിച്ചു.

ശബരിഗിരി പദ്ധതി പ്രദേശത്തെ ഡാമുകളുടെ ഷട്ടറുകൾ താഴ്ത്തിയതോടെ റാന്നി ,വടശേരിക്കര മേഖലകളിൽ വെള്ളക്കെട്ട് അരയടിയോളം താഴ്ന്നു. കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് എത്തുന്ന മിക്ക റോഡുകളും വെള്ളം കയറിയതിനാൽ അടച്ചു.

കൊല്ലത്ത് നിന്ന് കൂടുതൽ മത്സ്യബന്ധന ബോട്ടുകളെത്തിച്ച് രക്ഷാപ്രവർത്തനം നാലെ രാവിലെ പുനരാരംഭിക്കൂം. ജില്ലയിൽ കനത്ത മഴ തുടരുകയാണ്.