150 കോടി രൂപയുടെ നാശ നഷ്ടമാണ് കാലടി ടൗണിലെ വ്യാപാരികൾ പ്രാഥമികമായി കണക്ക് കൂട്ടിയിരിക്കുന്നത്. 

കൊച്ചി: പ്രളയത്തിൽ കാലടിയിലെ വ്യവസായമേഖലക്ക് കനത്ത തിരിച്ചടി. 150 കോടി രൂപയുടെ നാശ നഷ്ടമാണ് കാലടി ടൗണിലെ വ്യാപാരികൾ പ്രാഥമികമായി കണക്ക് കൂട്ടിയിരിക്കുന്നത്. കാലടി മാണിക്യമംഗലത്തിനടുത്തെ ഐസ്ക്രീം നിർമ്മാണ -കയറ്റുമതി യൂണിറ്റില്‍ ചെളിവെള്ളം കയറി ഒരു കോടിരൂപയുടെ സ്റ്റോക്ക് നശിച്ചു. 

ഇറക്കുമതി ചെയ്ത മെഷീനുകളെല്ലാം ഉപയോഗശൂന്യമായി. സ്റ്റോക്ക് റൂമുകളുടെ ഭിത്തികൾ വരെ തകർന്നു. ഇത് കാലടി നഗരത്തിലെ ഒറ്റപ്പെട്ട കാഴ്ചയല്ല. പെരിയാർ കരകവിഞ്ഞ് കാലടി നഗരത്തെയാകെ മുക്കിയപ്പോൾ വ്യാപാരികൾക്ക് ഉണ്ടായ നഷ്ടം കോടികളാണ്. മൂന്നാഴ്ച പിന്നിട്ടിട്ടും പ്രളയദുരിതം ഇവിടെ അവസാനിക്കുന്നില്ല.

നിർമ്മാണ യൂണിറ്റുകൾക്ക് പുറമെ ചെറുകിട വ്യാപാരസ്ഥാപനങ്ങൾ കൂടിയാണ് കാലടിയുടെ സന്പദ്‍വ്യവസ്ഥയുടെ നട്ടെല്ല്. വെള്ളം കയറി നശിച്ച കടകളിലെ സ്റ്റോക്കുകൾ പൂർണമായി മാറ്റാൻ പോലും ഇവിടെ പലർക്കും കഴിഞ്ഞിട്ടില്ല. ചില കടകൾ തുറന്നുവെങ്കിലും കച്ചവടം നടക്കുന്നത് പേരിന് മാത്രം. പ്രളയത്തിന്‍റെ ആഘാതത്തിൽ നിന്ന് വ്യാപാരമേഖലയെ കൈപിടിച്ചുയർത്താൻ സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.