സജിതക്കും കുഞ്ഞിനും സമ്മാനങ്ങളുമായി സൈനികരെത്തി. പൂര്‍ണ ഗര്‍ഭിണിയായിരിക്കെയാണ് സജിതയെ സൈനികര്‍ രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ നാവികസേനാ ആശുപത്രിയിലായിരുന്നു പ്രസവം. സൈനികര്‍ക്ക് നന്ദി പറഞ്ഞ് ആലുവ സ്വദേശി സജിത.  

കൊച്ചി: പ്രളയക്കെടുതിക്കിടെ സൈനികര്‍ രക്ഷിച്ച പൂര്‍ണ ഗര്‍ഭിണിയെക്കുറിച്ചുള്ള വാര്‍ത്ത കേരളം മറന്നുകാണില്ല. കമാന്‍ഡര്‍ വിജയ് വര്‍മ്മയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അതിസാഹസികമായി സജിതയെ രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇവരെത്തേടി ആലുവയിലേക്കുള്ള ദൗത്യമെത്തുന്നത്. ദൗത്യസംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍ ആര്‍. മഹേഷ് താഴെയിറങ്ങി. ആന്തരിക രക്തസ്രാവം ഉണ്ടായെന്ന് വ്യക്തമായതോടെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിച്ചു. പത്ത് മിനിറ്റ് മാത്രം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ നാവികസേനാ ആശുപത്രിയിലായിരുന്നു പ്രസവം. 

പ്രസവത്തിനുശേഷം ആലുവ ചൊവ്വര സ്വദേശിയായ സജിതയും ആണ്‍കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നു. കൊച്ചിയിലെ നാവികസേനാ ആശുപത്രിയില്‍ കഴിയുന്ന സജിതക്കും കുഞ്ഞിനും സമ്മാനങ്ങളുമായി സൈനികരെത്തി. രണ്ട് പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായതിന്‍റെ സന്തോഷത്തിലാണ് സൈനികര്‍. ആ സന്തോഷമാണ് കുഞ്ഞുടുപ്പുകള്‍ സമ്മാനിച്ചുകൊണ്ട് പങ്കുവെച്ചത്. 

സജിതയുടെ ഭര്‍ത്താവും രണ്ട് കുട്ടികളും ചൊവ്വരയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇപ്പോഴുള്ളത്. കുഞ്ഞിനെ കാണാനായി ഇടക്കിടെ സൈനിക ആശുപത്രിയിലെത്തും. വീടിന് സമീപത്തെ വെള്ളം പൂര്‍ണ്ണമായും ഇറങ്ങിയശേഷമെ സജിത ആശുപത്രി വിടൂ.