സ്ക്കൂൾ കലോത്സവം ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കലാകാരന്മാരുടെ കൂട്ടായ്മ. മൂന്നു ലക്ഷത്തോളം പേരുടെ ഉപജീവന മാർഗ്ഗം ഇല്ലാതാക്കുന്ന തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ഇവർ കത്തു നൽകി.

തിരുവനന്തപുരം: സ്ക്കൂൾ കലോത്സവം ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കലാകാരന്മാരുടെ കൂട്ടായ്മ. മൂന്നു ലക്ഷത്തോളം പേരുടെ ഉപജീവന മാർഗ്ഗം ഇല്ലാതാക്കുന്ന തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ഇവർ കത്തു നൽകി.

ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 162 ഉപജില്ലകളിൽ എൽ.പി, യുപി, എച്ച്എസ്, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 333 മത്സര ഇനങ്ങളുണ്ട്. ഇതിൽ 220 എണ്ണം പരിശീലകരുടെ ആവശ്യം ഉള്ളതാണ്. കുറഞ്ഞത് ഒരു ലക്ഷത്തി എൺപതിനായിരത്തോളം പേരാണ് ഇതിനായി പ്രവർത്തിക്കുന്നത്. നൃത്ത ഇനങ്ങളിലെ സാങ്കേതിക സഹായികളുടെയും തുന്നൽക്കാരുടെയും സാധനങ്ങൾ വാടകക്ക് നൽകുന്നരുടെയും ഒക്കെ എണ്ണം ഉൾപ്പെടുത്തുമ്പോൾ ഇത് അഞ്ചര ലക്ഷത്തോളമാകുമെന്നാണ് കലാകാരന്മാരുടെ കണക്ക്.

കലാകാരന്മാരുടെ ദയനീയ സ്ഥിതി മനസ്സിലാക്കി ആർഭാട മൊഴിവാക്കി മത്സരങ്ങൾ മാത്രമായി കലോത്സവം നടത്താൻ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള കലാകാരന്മാർ സർക്കാരിന് നിവേദനം നൽകും.