ചെങ്ങന്നൂരിൽ മഴക്കെടുതിയിൽ മരിച്ചയാൾക്ക് ചിറയിൽ ചിതയൊരുക്കി. പുത്തൻകാവ് അങ്ങാടിക്കൽ കോലാ മുക്കം വീട്ടിൽ 63 വയസുള്ള ജെ പ്രസാദനാണ്  പമ്പാ നദിയുടെ സമീപമുള്ള കോലാമുക്കം ചിറയിൽ ചിതയൊരുക്കിയത്. 

ആലപ്പുഴ: ചെങ്ങന്നൂരിൽ മഴക്കെടുതിയിൽ മരിച്ചയാൾക്ക് ചിറയിൽ ചിതയൊരുക്കി. പുത്തൻകാവ് അങ്ങാടിക്കൽ കോലാ മുക്കം വീട്ടിൽ 63 വയസുള്ള ജെ പ്രസാദനാണ് പമ്പാ നദിയുടെ സമീപമുള്ള കോലാമുക്കം ചിറയിൽ ചിതയൊരുക്കിയത്. 

പ്രളയത്തിൽ അകപ്പെട്ട പ്രസാദനും കുടുംബവും അങ്ങാടിക്കൽ എസ് സി ആർ വി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞു വരികയായിരുന്നു.കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തിൽ അകപ്പെട്ട അയൽവാസിയെ ഇയാൾ രക്ഷപെടുത്തിയിരുന്നു.വെള്ളിയാഴ്ച്ച രാവിലെ വെള്ളത്തിൽ മുങ്ങിയ വീടു പരിശോധിക്കുന്നതിനു വേണ്ടി വെള്ളക്കെട്ടിലിറങ്ങിയ പ്രസാദൻ കുത്തൊഴുക്കിൽ പെടുകയായിരുന്നു. വളരെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

ഇന്നലെ രാവിലെ 6 മണിയോടെ കോലാമുക്കം ചിറയ്ക്കു സമീപം നിന്ന് മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂരിൽ വൈദ്യുതി നിലച്ചിട്ട് ദിവസങ്ങൾ ആയതിനാൽ സ്വകാര്യ ആശുപത്രികളിലെ മോർച്ചറികൾ പ്രവർത്തിക്കുുന്നില്ല. മൊബൈൽ മോർച്ചറികളും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ചെങ്ങന്നൂർ നഗരസഭയിൽ പൊതു ശ്മശാനവും ഇല്ല .