രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സംവിധാനങ്ങള്‍. നാളെ പകലുകൊണ്ട് എല്ലാവരെയും രക്ഷപെടുത്തുമെന്ന് മുഖ്യമന്ത്രി. 200ലധികം ബോട്ടുകള്‍ കൂടുതലായി നാളെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങും. എറണാകുളം മേഖലയില്‍ 2500ഓളം പേരെയും പത്തനംതിട്ട ജില്ലയില്‍ 550 പേരെയും രക്ഷപെടുത്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴദുരിതം ഗുരുതരമെങ്കിലും എല്ലാം നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി. മഴക്കെടുതിയില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും നാളെ പകലുകൊണ്ട് രക്ഷപെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്നത്തോടെ എല്ലാവരെയും രക്ഷപെടുത്താനാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇനിയും ചിലര്‍ ഒറ്റപ്പെട്ട് കഴിയുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്താനുളള നടപടി സ്വീകരിച്ചിട്ടുണ്ട്. നാളെ ഇത് പൂര്‍ത്തീകരിക്കാനാകുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ രംഗത്തിറക്കും. തമിഴ്നാട്ടില്‍ നിന്നുളള ഫയര്‍ഫോര്‍സിന്‍റെ ബോട്ടുകള്‍ രാത്രിതന്നെ എത്തിക്കും. കേന്ദ്രസേനയുടെ ബോട്ടുകള്‍ക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ കൂടുതല്‍ ബോട്ടുകളും ഉപയോഗിക്കും. സ്വകാര്യബോട്ടുകളും പ്രയോജനപ്പെടുത്തും. എല്ലായിടങ്ങളിലും നാളെ രാവിലെ ബോട്ടുകള്‍ സജ്ജമായിരിക്കും. 200ലധികം ബോട്ടുകള്‍ കൂടുതലായി രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും. കുത്തൊഴുക്കുള്ള സ്ഥലങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാവും ആളുകളെ രക്ഷപെടുത്തുക.
എറണാകുളം മേഖലയില്‍ 2500ഓളം പേരെയും, പത്തനംതിട്ട ജില്ല 550 പേരെയും രക്ഷപെടുത്തി. ദുരിതാശ്വാസത്തിന്‍റെ ചുമതല പൂര്‍ണമായും കലക്ടര്‍മാര്‍ക്കായിരിക്കും. രക്ഷാപ്രവര്‍ത്തനത്തില്‍ പൊലിസും ഫയര്‍ഫോഴ്‌സും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിന്‍റെ മേല്‍നോട്ടം വഹിക്കാനുള്ള ചുമതല നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യാജ പ്രചരണങ്ങളില്‍ നിന്ന് പിന്തിരിയണം. അത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനും അതില്‍ വീഴാതിരിക്കാനും ഏവരും ജാഗരൂകയായിരിക്കണം.
കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ വലിയ തോതിലുള്ള ഫണ്ട് രൂപീകരിക്കേണ്ടിവരും. അതിന്‍റെ ഭാഗമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്‍റെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതില്‍ നിന്നുള്ള വരുമാനം സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി ഉപയോഗിക്കും. വയനാട്ടിലെ തോട്ടം തൊഴിലാളികള്‍, ആദിവാസികള്‍ എന്നിവര്‍ നേരിടുന്ന ക്ലേശം പരിഗണിച്ച് സൗജന്യ റേഷന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.
