Asianet News MalayalamAsianet News Malayalam

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണോ; പ്രളയഭൂമിയില്‍നിന്ന് ജനപ്രതിനിധികള്‍ പറയുന്നതെന്ത്?

'ഇന്ന് രാത്രിയില്‍ സഹായം ലഭിച്ചില്ലെങ്കില്‍ നിരവധിപ്പേര്‍ ചെങ്ങന്നൂരില്‍ മരിച്ച് വീഴും'. നേവിയോട് ഒരു ഹെലികോപ്‌ടറെങ്കിലും അയക്കാന്‍ നിങ്ങള്‍ പറയണം എന്ന് പറഞ്ഞ് അദേഹം വിതുമ്പി. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും കേന്ദ്രസേനയെ ഏല്‍പിക്കണം എന്ന് സജി ചെറിയാന്‍ ആവശ്യപ്പെട്ടത് ഇന്നലെയാണ്.

kerala flood discussions on central force in kerala for rescue
Author
Thiruvananthapuram, First Published Aug 18, 2018, 5:20 PM IST

ദുരിതത്തിലാണ്ട പ്രദേശങ്ങളിലെ മറ്റ് ജനപ്രതിനിധികളോട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഇക്കാര്യം ആരാഞ്ഞപ്പോള്‍ കേട്ടത് വ്യത്യസ്തമായ അഭിപ്രായങ്ങളായിരുന്നു. അവര്‍ പറയുന്നത് കേള്‍ക്കൂ: 

പ്രളയക്കയത്തില്‍ നിന്ന് എങ്ങനെ കരകയറാമെന്ന ചിന്തകളിലാണ് കേരളം. നിലവിലെ അതിസങ്കീര്‍ണമായ സാഹചര്യത്തില്‍ കുറ്റപ്പെടുത്തലുകള്‍ക്ക് പ്രസക്തിയില്ല. പ്രായോഗികമായ രക്ഷാപ്രവര്‍ത്തനമാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് ഇപ്പോള്‍ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ രണ്ട് തട്ടിലാണ്. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും കേന്ദ്രസേനയെ ഏല്‍പിക്കണോ എന്ന ചോദ്യമാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്.

'ഇന്ന് രാത്രിയില്‍ സഹായം ലഭിച്ചില്ലെങ്കില്‍ നിരവധിപ്പേര്‍ ചെങ്ങന്നൂരില്‍ മരിച്ച് വീഴും'. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്റെ ഈ വാക്കുകളില്‍ പ്രളയത്തിലകപ്പെട്ട ഒരു ജനതയുടെ മുഴുവന്‍ യാതനകളാണ് കേരളം കേട്ടത്. ഭരണകക്ഷി എംഎല്‍എയ്ക്ക് പോലും സഹായത്തിന് ദയനീയമായി യാചിക്കേണ്ട സാഹചര്യമാണുണ്ടായത്. 'നേവിയോട് ഒരു ഹെലികോപ്ടറെങ്കിലും അയക്കാന്‍ നിങ്ങള്‍ പറയണം' എന്ന് പറഞ്ഞ് അദേഹം വിതുമ്പുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും കേന്ദ്രസേനയെ ഏല്‍പിക്കണം എന്ന് സജി ചെറിയാന്‍ ആവശ്യപ്പെട്ടത് ഇന്നലെയാണ്.

സംസ്ഥാനത്ത് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം വിജയമായിരുന്നു. പൊലിസും ഫോര്‍ഫോഴ്സും പ്രാദേശിക ദുരിതാശ്വാസ ടീമുകളുമെല്ലാം രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. എന്നാല്‍ മഴക്കെടുതിയുടെ കാഠിന്യം ഏറിയതോടെ രക്ഷാപ്രവര്‍ത്തനം പ്രശ്‌നങ്ങളിലേക്ക് വഴുതിവീണു. ദിവസങ്ങളോളം പലയിടങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടന്നു. ഈ വാര്‍ത്ത പുറംലോകത്ത് എത്താന്‍ തന്നെ വൈകിയെന്നത് സാഹചര്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു. പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ എത്താന്‍ വൈകി. പിന്നെ കണ്ടത് ദിവസങ്ങളോളം പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്ക് കാവലിരിക്കേണ്ടിവന്നവര്‍ അടക്കമുള്ളവരുടെ ദയനീയ ചിത്രങ്ങളാണ്. ചെങ്ങന്നൂരില്‍ ഈ ദയനീയാവസ്ഥ പരിധികള്‍ കവിഞ്ഞൊഴുകിയപ്പോഴാണ് ഇങ്ങനെ പറയേണ്ടിവന്നതെന്ന് സജി ചെറിയാന്‍ വ്യക്തമാക്കുന്നു. 

സംസ്ഥാനം കണ്ട ചരിത്രത്തിലെ വലിയ പ്രളയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച്ചയുണ്ടായി എന്നാണ് സജി ചെറിയാന്‍ വ്യക്തമാക്കിയത്. കേരളത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമെ നേവിയും കേന്ദ്രസേനയുമെല്ലാം ഒത്തുചേര്‍ന്നിട്ടും പരിഹരിക്കാനാവാത്ത സാഹചര്യം. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് മാത്രമേ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ കഴിയൂ എന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പാളിച്ചകളുണ്ടായി. വള്ളങ്ങളും ബോട്ടുകളും കൂടുതലായി ഇറക്കിയെങ്കിലും ഉദേശിച്ച സമയത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനത്തിലും വീഴ്ച്ചകളുണ്ടായി. മുഖ്യമന്ത്രി നേരിട്ട് രക്ഷാപ്രവര്‍ത്തനം വിലയിരുത്തുമ്പോഴും പരിധിക്ക് പുറത്തായിരുന്നു മഴക്കെടുതിയുടെ വ്യപ്തി.

സംസ്ഥാനത്താകെ ഇതിനകം 20,000 കോടിയുടെ നാശനഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആള്‍നാശം നമുക്ക് സങ്കല്‍പിക്കാവുന്നതിലുമേറെ. എന്നാല്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി മാത്രമാണ് ആശ്വാസഹായമായി സംസ്ഥാനത്തിന് നല്‍കിയത്. 2000 കോടി സംസ്ഥാനം ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ നിലപാട്. ഇതോടെ സംസ്ഥാനം കൂടുതല്‍ പ്രതിരോധത്തിലായെങ്കിലും രക്ഷാദൗത്യം പൂര്‍ണമായി കേന്ദ്രസേനയെ എല്‍പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. അവിടെയാണ് സംസ്ഥാനം രക്ഷാപ്രവര്‍ത്തന ഏകോപനത്തിലെ അഭിപ്രായ വ്യത്യാസം തുറന്നുകാട്ടിയത്.

'സജി ചെറിയാന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടിയത് ചെങ്ങന്നൂരിലെ ജനങ്ങളുടെ പരിഭ്രാന്തി മാത്രമാണ്'-സജി ചെറിയന്റെ അഭ്യര്‍ത്ഥന കേരള കണ്ണീരോടെ കേട്ടതിന്റെ തൊട്ടടുത്ത പകല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം ഇതായായിരുന്നു. കേന്ദ്രത്തോട് സൈനിക സഹായം ആവശ്യപ്പെട്ടതാണെന്നും, എന്നാല്‍ ഇത് ലഭ്യമാകാന്‍ വൈകിയെന്നും കോടിയേരി പ്രസ്താവിച്ചു. എന്നാല്‍ പ്രളയബാധിതരെ രക്ഷപെടുത്താന്‍ ഇനിയെന്ത് ചെയ്യാന്‍ കഴിയുമെന്ന ചോദ്യത്തിന് കോടിയേരിക്ക് ഉത്തരമില്ലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനേക്കാളേറെ ഉറപ്പോടെ കരുത്തില്‍ കോടിയേരി ഇങ്ങനെയൊക്കെ പറയുമ്പോള്‍ കേരള ജനതയില്‍ ഒരു വലിയപക്ഷം നിലയില്ലാക്കയത്തിലായിരുന്നു.

രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും കേന്ദ്രസേനയെ ഏല്‍പിക്കണം എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വീണ്ടും ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടിയേരിയുടെ ഈ വാക്കുകള്‍. സംസ്ഥാന സര്‍ക്കാരിന് തുടക്കംമുതല്‍ പിന്തുണ നല്‍കിയ നേതാവാണ് ചെന്നിത്തല എന്നത് ഓര്‍ക്കണം. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി കേന്ദ്രത്തിന് കൈമാറുക എന്ന പ്രയോഗമാണ് കോടിയേരിയെ ചൊടിപ്പിച്ചത്. സൈന്യത്തെ പൂര്‍ണമായും രക്ഷാദൗത്യം ഏല്‍പിക്കണം എന്ന വാദത്തെ ഭരണം കൈമാറുക എന്ന അര്‍ത്ഥം നല്‍കിയാണ് സിപിഎം സെക്രട്ടറി നേരിട്ടത്. എന്നാല്‍ രക്ഷാചുമതല പൂര്‍ണമായും സൈന്യത്തിന് നല്‍കണമെന്ന് കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സൈന്യത്തിനേ കഴിയൂ എന്നും ചെന്നിത്തല വ്യക്തമാക്കി

ഇതിനുപിന്നാലെ സൈന്യത്തെ വിളിക്കണമെന്ന ആവശ്യം ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയും മുന്നോട്ടുവെച്ചു. മുഖ്യമന്ത്രി ഇക്കാര്യം ഉടന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. കേരളം ആവശ്യപ്പെടാതെ സൈന്യത്തെ നിയോഗിക്കാന്‍ കഴിയില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. സൈന്യത്തിന്റെ പ്രവര്‍ത്തനം വിജയകരമാവാത്തതിന് പിന്നില്‍ സംസ്ഥാന ഭരണനേതൃത്വത്തിന്റെ കഴിവുകേടാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്നും പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. 'കേരളം ഒറ്റക്കെട്ടായി നേരിടും' എന്ന രാഷ്ട്രീയ പ്രഖ്യാപനം ഇതോടെ അവസാനിച്ചു. രക്ഷാപ്രവര്‍ത്തന തര്‍ക്കത്തില്‍ഭരണപക്ഷവും പ്രതിപക്ഷവുംരണ്ടായി, കൂടെ കേന്ദ്രവും സംസ്ഥാനവും.

ദുരിതത്തിലാണ്ട പ്രദേശങ്ങളിലെ മറ്റ് ജനപ്രതിനിധികളോട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഇക്കാര്യം ആരാഞ്ഞപ്പോള്‍ കേട്ടത് വ്യത്യസ്തമായ അഭിപ്രായങ്ങളായിരുന്നു. അവര്‍ പറയുന്നത് കേള്‍ക്കൂ: 

സൈന്യം വന്നാലേ കാര്യമുള്ളൂ-പിടി തോമസ് എംഎല്‍എ (തൃക്കാക്കര)

പതിനായിരക്കണക്കിന് ആളുകളാണ് വെള്ളപ്പൊക്കത്തില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. അതുപോലെ നിരവധി ഗ്രാമങ്ങളും വെള്ളപ്പൊക്കത്തില്‍ മുങ്ങി കിടക്കുന്നു. അടിയന്തരമായി അവരെ രക്ഷിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ മറ്റൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. കുടുങ്ങിക്കിടക്കുന്നവരുടെ ജീവന്‍ വിലപ്പെട്ടതാണ്. സൈന്യം വന്നാല്‍ മാത്രമേ അവരെ രക്ഷിക്കാന്‍ സാധിക്കൂ. സൈന്യം വരണമെന്ന് തന്നെയാണ് അഭിപ്രായവും.

ആര്‍മിയെ തന്നെ വിളിക്കണം: ഹൈബി ഈഡന്‍ എംഎല്‍എ(എറണാകുളം)

നമ്മുടെ സംസ്ഥാനം ഇതുവരെ ഇങ്ങനെയൊരു പ്രളയക്കെടുതി അനുഭവിച്ചിട്ടില്ല. ഇങ്ങനെയൊരു ദുരിതാശ്വാസപ്രവര്‍ത്തനം നടത്തുന്നതും ആദ്യമായാണ്. ബീഹാറില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ആര്‍മിയെ വിളിച്ചില്ലേ. അതുപോലെ ആര്‍മിയെ തന്നെ വിളിക്കണം. ഫയര്‍ ഫോഴ്‌സൊക്കെ ഒരുപാട് സഹകരിക്കുന്നുണ്ട്. എങ്കിലും സൈന്യത്തിന്റെ കൈയില്‍ ഹൈ ടെക്‌നോളജിയുണ്ട്, പരിശീലനം നേടിയിട്ടുണ്ട്. അപ്പോള്‍, പരിപൂര്‍ണമായും അവരുടെ സേവനം നേടുക തന്നെയാണ് വേണ്ടത്. മത്സ്യത്തൊഴിലാളികളൊക്കെ പരമാവധി സഹായങ്ങള്‍ നല്‍കുന്നുണ്ട്. അവരാണധികവും ഇറങ്ങിയിരിക്കുന്നത്. പക്ഷെ, പരിമിതികളുണ്ട്. അതിനാല്‍ സൈന്യം വന്നാല്‍ രക്ഷാപ്രവര്‍ത്തനം വളരെ എളുപ്പമാകും. അതിന് ഒരുപാട് ആലോചിക്കാനൊന്നുമില്ല.

എന്തിനാണ് അനാവശ്യ ചര്‍ച്ച: മന്ത്രി വിഎസ് സുനില്‍കുമാര്‍ (തൃശൂര്‍)

അനാവശ്യമായ ചര്‍ച്ചയിലേക്ക് പോകുന്നത് എന്തിനാണ്? ആ സമയം കൊണ്ട് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുകയല്ലേ വേണ്ടത്? തൃശൂരിലെ കണ്‍ട്രോള്‍ റൂമിലിരുന്നാണ് ഞാന്‍ സംസാരിക്കുന്നത്. ഇവിടത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏത് സാഹചര്യങ്ങളും നേരിടാന്‍ കഴിവുള്ള ഒരു സംഘമാണ് എത്തിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നത് അവരാണ്. എന്തിനാണ് ആവശ്യമില്ലാത്ത ചര്‍ച്ച നടത്തി സമയം കളയുന്നത്?

ഇക്കാര്യങ്ങള്‍ പറയാന്‍ പറ്റുന്ന സാഹചര്യമല്ല: വി.ടി.ബല്‍റാം എംഎല്‍എ (തൃത്താല)

സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ സാധ്യമല്ല.  മണ്ഡലത്തിലെ കാര്യങ്ങള്‍ ഏതാണ്ട് ശരിയായി വരുന്നേയുള്ളൂ. അതിനാല്‍ മറ്റ് കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ പറ്റുന്ന സാഹചര്യമല്ല.


സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാണ്: ഇന്നസെന്റ് എംപി (ചാലക്കുടി)

ഇത് നമ്മുടെ വിധിയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും കേന്ദ്രസംവിധാനങ്ങളും കാര്യക്ഷമമായിതന്നെ പ്രവര്‍ത്തിക്കുകയാണ്. നമ്മള്‍ നമ്മുടെ പരിശ്രമത്തിന്റെ പമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ ഇപ്പോഴും പലരും രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിളിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശമ്പളത്തിന് വേണ്ടിയല്ല ഇപ്പോള്‍ ജോലി ചെയ്യുന്നത്. നമ്മുടെ ജീവിതത്തില്‍ ഇതുപോലൊന്ന് കണ്ടിട്ടില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അവരാല്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ ബോട്ടുകളില്‍ പോലും ചെന്നെത്താന്‍ പറ്റുന്നില്ല.

രക്ഷാപ്രവര്‍ത്തനത്തിന് എന്ത് സംവിധാനവും ഉപയോഗിക്കണം: ജോസ് കെ.മാണി എംപി (രാജ്യസഭ)
പരസ്പരം ചര്‍ച്ച ചെയ്യുകയല്ല ഇപ്പോള്‍ വേണ്ടത്. രാജ്യത്തിന്റെ മുഴുവന്‍ ഫോഴ്‌സും, ആര്‍മി, നേവി തുടങ്ങിയ എല്ലാ സംവിധാനങ്ങളും കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട സമയമാണിത്. നിലവില്‍ നമുക്കൊരു സംവിധാനവും ഇല്ലാത്ത അവസ്ഥയിലാണ് നമ്മള്‍ നില്‍ക്കുന്നത്. പല പ്രദേശങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. കോടികളുടെ കണക്കുകളില്‍ കാര്യമില്ല. കേന്ദ്ര സംസ്ഥാനങ്ങളുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയമല്ലിത്. പല സ്ഥലങ്ങളിലും കുടുങ്ങി കിടക്കുന്ന ആയിരക്കണക്കിന് ആളുകളെ നമുക്ക് രക്ഷിക്കേണ്ടതുണ്ട്. അതിന് ഏത് സംവിധാനമാണ് വേണ്ടത് അത് സ്വീകരിക്കുക.

ഇവിടെ കാര്യമായ പ്രശ്‌നമില്ല: തോമസ് ചാണ്ടി എംഎല്‍എ (കുട്ടനാട്)

കുട്ടനാട്ടില്‍ കാര്യമായ പ്രശ്‌നങ്ങളില്ല. ഇന്നലെ വൈകീട്ട് വരെ കുട്ടനാട്ടില്‍ വെള്ളം പൊങ്ങിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വെള്ളം ഇറങ്ങി തുടങ്ങി. നാളെ രാവിലെയാകുമ്പോഴേക്കും കുട്ടനാട്ടിലെ വെള്ളം ഇറങ്ങും അതിന് സംശയം വേണ്ട. മാത്രമല്ല കുട്ടനാട്ടില്‍ വെള്ളം പൊങ്ങില്ല. ഭൂമിയുടെ കിടപ്പനുസരിച്ച് വെള്ളം പരന്നൊഴുകുകയേയുള്ളൂ. അത് കുറച്ച് സമയങ്ങള്‍ക്കുള്ളില്‍ ഒഴിഞ്ഞ് പോവുകയും ചെയ്യും. മാത്യു ടി തോമസ് ആവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ എന്റെ രണ്ട് സ്പീഡ് ബോട്ടുകള്‍ പത്തനംതിട്ടയിലായിരുന്നു. കൂടാതെ നാല് ബോട്ടുകളും ഒരു ജങ്കാറും ഇന്നും കുട്ടനാട്ടില്‍ ഇന്നും കുട്ടനാട്ടില്‍ പെട്ടുപോയവരെ രക്ഷപ്പെടുത്തുന്ന തിരക്കിലായിരുന്നു. ഏതാണ്ട് 2000 പേരെ എന്റ ബോട്ടുകളില്‍ രക്ഷിച്ച് കരയ്‌ക്കെത്തിച്ചിട്ടുണ്ട്. ഇവരെ കെഎസ്ആര്‍ടിസി ബസുകളില്‍ ചേര്‍ത്തലയിലെ ക്യാമ്പിലേക്ക് മാറ്റി. ഇപ്പോഴും ഞാന്‍ പറയുന്നു കുട്ടനാട്ടില്‍ ആര് എവിടെപെട്ടുപോയാലും എന്നെ വിളിച്ച് പറഞ്ഞാല്‍ മതി. മൂന്ന് മണിക്കൂറിനുള്ളില്‍ അവരെ രക്ഷിച്ച് നിങ്ങളുടെ കൈയില്‍ തരും. 12, 24 മണിക്കൂറിനുള്ളില്‍ കുട്ടനാട്ടില്‍ കാര്യങ്ങള്‍ ശരിയാകുമെന്നും തോമസ് ചാണ്ടി എംഎല്‍എ.

എല്ലായിടത്തും സൈന്യം പ്രവര്‍ത്തിച്ചത് സര്‍ക്കാറിനൊപ്പം തന്നെ: പിണറായി വിജയന്‍ (മുഖ്യമന്ത്രി)

രാജ്യത്ത് എല്ലായിടത്തും പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ സൈന്യം അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്കൊപ്പം തന്നെയായിരുന്നു. നാട് അറിയുന്നവര്‍ക്കേ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയൂ. അതിനൊപ്പം സൈന്യത്തിന്റെ വൈദഗ്ധ്യം കൂടി ഉപയോഗപ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ട് പോകേണ്ടത്. ഇതുപോലുള്ള അവസരങ്ങളില്‍ ജില്ലാ തലത്തിലെ സിവില്‍ ഭരണസംവിധാനത്തെ സഹായിക്കുകയാണ് സൈന്യത്തിന്റെ കര്‍ത്തവ്യം. ഒരിടത്തും സൈന്യം മാത്രമായി പ്രവര്‍ത്തിച്ചിട്ടില്ല. അത് സാധ്യവുമല്ല. ജോയിന്റ് ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂമാണ് സംസ്ഥാനത്തും എല്ലാം നിയന്ത്രിച്ചത്. ആസാം, ചെന്നൈ, കശ്മീര്‍ പ്രളയങ്ങള്‍, ഗുജറാത്ത്, മഹാരാഷ്ട്ര ഭൂകമ്പങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലൊന്നും  ഘട്ടങ്ങളിലൊന്നും സൈന്യത്തെ മാത്രമായി ഏല്‍പ്പിച്ചിട്ടില്ല. സവിശേഷമായ കാശ്മീരിലെ സാഹചര്യങ്ങളില്‍ പോലും സംസ്ഥാന സര്‍ക്കാറുമായി സൈന്യം യോജിച്ചാണ് പ്രവര്‍ത്തിച്ചത്

Follow Us:
Download App:
  • android
  • ios