പ്രളയക്കെടുതിയില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിനായി നേരിൽ കാണാൻ അവസരം ആവശ്യപ്പെട്ടുള്ള കേരളത്തിലെ എംപിമാരുടെ അഭ്യര്‍ത്ഥന പ്രധാനമന്ത്രി തള്ളി. കേരളത്തില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണ് എന്നും ഇക്കാര്യത്തില്‍ കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നുമാണ് മന്ത്രാലയം എംപിമാരെ അറിയിച്ചത്. വേണമെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കാമെന്നും എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ദില്ലി: സംസ്ഥാനത്തെ യുഡിഎഫ് എൽഡിഎഫ് എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയ്ക്ക് സമയം നിഷേധിച്ചു. പ്രളയദുരന്തത്തിന് സഹായം തേടി പ്രധാനമന്ത്രിക്ക് പകരം ആഭ്യന്തരമന്ത്രിയെ കാണാനുള്ള നിർദ്ദേശം സ്വീകാര്യമല്ലെന്ന് എംപിമാർ വ്യക്തമാക്കി.
പ്രളയ ദുന്തത്തിനു ശേഷം കേരളത്തിന് കൂടുതൽ സഹായം അഭ്യർത്ഥിച്ച് കേന്ദ്രമന്ത്രിമാരുമായി യുഡിഎഫ് എൽഡിഎഫ് എംപിമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിയെട്ടിന് പ്രധാനമന്ത്രിയെ കാണാൻ സമയം ചോദിച്ച് ഇമെയിൽ അയച്ചു. പിന്നീട് കെസി വേണുഗോപാൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുമായി ടെലിഫോണിൽ സംസാരിച്ചു. സമയം കിട്ടാത്തതിനാൽ ഓഗസ്റ്റ് 31, ഈ മാസം 3, 6 തീയതികളിൽ വീണ്ടും ഇമെയിൽ അയച്ചു. ഒടുവിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ കണ്ടാൽ മതിയെന്ന സന്ദേശം ഇന്ന് എംപിമാർക്ക് കിട്ടി.
കർണ്ണാടകത്തിലെ പ്രകൃതി ക്ഷോഭത്തിനു സഹായം തേടിയെത്തിയ എച്ച് ഡി ദേവഗൗഡയുടെയും എച്ച് ഡി കുമാരസ്വാമിയുടെയും നേതൃത്വത്തിലുള്ള സംഘത്തെ ഇന്ന് നരേന്ദ്ര മോദി കണ്ടിരുന്നു. നടൻ മോഹൻലാലിന് കഴിഞ്ഞയാഴ്ച സമയം നല്‍കി. നഷ്ടം വിലയിരുത്തിയശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വരുമ്പോൾ പ്രധാനമന്ത്രി വിശദയോഗം വിളിക്കും എന്നാണ് ഉന്നതവൃത്തങ്ങൾ നല്കുന്ന വിശദീകരണം.
