മുഖ്യമന്ത്രിയുമായി നിലവിലെ സാഹചര്യങ്ങളെ കുറിച്ചും രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി. പ്രധാനമന്ത്രി ഇന്ന് വൈകിട്ട് കേരളത്തില്‍ എത്തുന്നുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയെ കുറിച്ച് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിയുമായി നിലവിലെ സാഹചര്യങ്ങളെയും രക്ഷാപ്രവര്‍ത്തനത്തെയും കുറിച്ചും വിലയിരുത്തിയതായി പ്രധാനമന്ത്രി അറിയിച്ചു. പ്രളയക്കെടുതികള്‍ നേരിട്ട് അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി ഇന്ന് വൈകിട്ട് കേരളത്തില്‍ എത്തുന്നുണ്ട്. 

Scroll to load tweet…

നാശം വിതച്ച മഴയിലും പ്രളയത്തിലും രണ്ടു ദിവസത്തിനിടെ 91 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മുന്നാര്‍, ചെറുതോണി, ചാലക്കുടി അട്ടമുള്ള പ്രദേശങ്ങള്‍ ഒറ്റപ്പെട്ടുകിടക്കുന്നു. കൊച്ചിയിലും ചാലക്കുടിയിലും ആലുവയിലും പത്തനംതിട്ടയിലുമായി പതിനായിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 

ഹെലികോപ്റ്ററുകളും കൂടുതല്‍ ബോട്ടുകളും വള്ളങ്ങളും അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. കര, നാവിക, വ്യോമസേനകൾക്കൊപ്പം ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഭക്ഷണവും, മരുന്നുകളും, അവശ്യസാധനങ്ങളും ഹെലികോപ്റ്ററുകള്‍ വഴി വിതരണം ചെയ്തുവരുന്നു. എന്നാല്‍ പലയിടത്തും ഭക്ഷണവും ശുദ്ധജലവും കിട്ടാതെ ആളുകള്‍ വലയുകയാണ്.

അതേസമയം ആശങ്കകള്‍ ഇരട്ടിയാക്കി ഇടുക്കി ഡാമിലെ ജലനിരപ്പ് പൂര്‍ണസംഭരണശേഷിയിലേക്ക് അടുക്കുകയാണ്. നിലവില്‍ പെരിയാർ കരകവിഞ്ഞൊഴുകുകയാണ്. പെരിയാറിന്റേയും ചാലക്കുടിപ്പുഴയുടേയും തീരത്ത് സ്ഥിതി ഗുരുതരമായി തുടരുകയാണ്. പത്തനംതിട്ടയില്‍ മഴ കുറഞ്ഞെങ്കിലും പമ്പയിലെ വെള്ളം കുറയുന്നില്ല. കുട്ടനാട്ടിലെ മിക്ക പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.

രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജമാക്കാന്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ എത്തിക്കും. എന്നാല്‍ സംസ്ഥാനത്ത് മഴ തുടരാനുള്ള സാഹചര്യമാണുള്ളത് എന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അനുമാനം. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം രാവിലെ നടന്നിരുന്നു.