കേരളത്തിൽ സ്ഥിതി ശാന്തമാകുന്നു. എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു. സംസ്ഥാനത്താകെ എട്ടര ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. കൂടുതൽ വസ്ത്രവും മരുന്നുകളുമാണ് ഇനി ക്യാമ്പുകളിൽ ആവശ്യം.  

തിരുവനന്തപുരം: പേമാരിയും പ്രളയവും തകർത്തെറിഞ്ഞ കേരളത്തിൽ സ്ഥിതി ശാന്തമാകുന്നു. എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു. പ്രളയബാധിത
മേഖലകളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും പുരോഗമിക്കുകയാണ്. ഇന്നലെ 13 പേർകൂടി മരിച്ചതോടെ പ്രളയക്കെടുതിയിൽ ആകെ മരണം 370 ആയി.

മഴയും നദികളിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. വെള്ളം കയറിയ സ്ഥലങ്ങളിൽ ഭൂരിഭാഗവും സാധാരണ നിലയിലേക്കെത്തുകയാണ്. ഇനിയും ഒറ്റപ്പെട്ട് കഴിയുന്നവരെ കണ്ടെത്തി സഹായിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതം. മഹാപ്രളയത്തെ അതിജീവിക്കാൻ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ ഹെലികോപ്റ്ററുകളും ബോട്ടുകളും എത്തി.

ചെങ്ങന്നൂർ, തിരുവല്ല,പറവൂർ മേഖലകളിൽ ഇപ്പോഴും ദുരിതം ഒഴിഞ്ഞിട്ടില്ല. ഒറ്റപ്പെട്ട് കഴിയുന്ന പലരും പലരും പക്ഷേ വീട് വിട്ടുവരാൻ തയ്യാറാകുന്നില്ല. പാണ്ടനാട് മേഖലയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം സുഗമമല്ല. പാണ്ടനാട് ഇന്നലെ ബോട്ടിൽ രക്ഷാപ്രവർത്തനത്തിന് പോയി കാണാതായ ആറ് പേരെ ഇനിയും കണ്ടെത്താനായില്ല. വെള്ളമിറങ്ങിയതോടെ വലിയ ബോട്ടുകളിലുള്ള രക്ഷാപ്രവർത്തനം അസാധ്യമായി. കൂടുതൽ ചെറുവള്ളങ്ങളെ ഈ മേഖലയിൽ ഇനി രക്ഷാപ്രവർത്തനത്തിന് എത്തിച്ചു. സംസ്ഥാനത്താകെ എട്ടര ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു.

കൂടുതൽ വസ്ത്രവും മരുന്നുകളുമാണ് ക്യാമ്പുകളിൽ ആവശ്യം. നീരൊഴുക്ക് കുറഞ്ഞതോടെ മിക്ക അണക്കെട്ടുകളിലേയും ജലനിരപ്പ് കുറഞ്ഞു. ജലനിരപ്പ് നേരിയ നിലയിൽ കൂടിയെങ്കിലും ഇടുക്കിയിലെ രണ്ട് ഷട്ടറുകൾ അടച്ചു. റോഡ്, ട്രെയിൻ ഗതാഗതവും ഭാഗീകമായി പുനരാരംഭിച്ചു.