Asianet News MalayalamAsianet News Malayalam

ശമിക്കാതെ പ്രളയം, എട്ട് ജില്ലകളില്‍ കനത്ത മഴ, സ്ഥിതി അതീവ ഗുരുതരം, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

സംസ്ഥാനത്തെ വലച്ച് മഹാപ്രളയം തുടരുന്നു. നാശം വിതച്ച മഴയിലും പ്രളയത്തിലും രണ്ടു ദിവസത്തിനിടെ 91 പേര്‍ മരിച്ചു.  കൊച്ചിയിലും ചാലക്കുടിയിലും ആലുവയിലുമായിലും പത്തനംതിട്ടയിലുമായി പതിനായിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ പ്രദേശങ്ങളിലെ പലയിടത്തും ഭക്ഷണവും ശുദ്ധജലവും ഇല്ലാതെ പതിനായിരങ്ങള്‍ ഒറ്റപ്പെട്ടുകിടക്കുകയാണ്. 

Kerala floods 2018 Morning  Update from all ovr kerala
Author
Kerala, First Published Aug 17, 2018, 6:38 AM IST

കൊച്ചി: സംസ്ഥാനത്തെ വലച്ച് മഹാപ്രളയം തുടരുന്നു. നാശം വിതച്ച മഴയിലും പ്രളയത്തിലും രണ്ടു ദിവസത്തിനിടെ 91 പേര്‍ മരിച്ചു.  കൊച്ചിയിലും ചാലക്കുടിയിലും ആലുവയിലുമായിലും പത്തനംതിട്ടയിലുമായി പതിനായിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ പ്രദേശങ്ങളിലെ പലയിടത്തും ഭക്ഷണവും ശുദ്ധജലവും ഇല്ലാതെ പതിനായിരങ്ങള്‍ ഒറ്റപ്പെട്ടുകിടക്കുകയാണ്. അതേസമയംകൂടുതല്‍  സമഗ്രമായി രാവിലെ അഞ്ചുമണിയോടെ കൊച്ചിയിലടക്കം രക്ഷാപ്രവർത്തനം തുടരുകയാണ്.  കര, നാവിക, വ്യോമസേനകൾക്കൊപ്പം ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

അതേസമയം ആശങ്കകള്‍ ഇരട്ടിയാക്കി ഇടുക്കി ഡാമിലെ ജലനിരപ്പ് പൂർണസംഭരണശേഷിയിലേക്ക് അടുക്കുകയാണ്. പ്രദേശത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍  ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ് 2402.20 അടിയിലെത്തിയിരിക്കുകയാണ്. 2403 അടിയാണ് ഇടുക്കി ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. അണക്കെട്ടിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

നിലവില്‍ പെരിയാർ കരകവിഞ്ഞൊഴുകുകയാണ്. പെരിയാറിന്റേയും ചാലക്കുടിപ്പുഴയുടേയും തീരത്ത് സ്ഥിതി ഗുരുതരമായി തുടരുകയാണ്. ചാലക്കുടി നഗരം പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പെരിയാര്‍ കരകവിഞ്ഞതോടെ എറണാകുളം ജില്ലയുടെ പലഭാഗങ്ങളുംവെള്ളത്തിനടിയിലായിരിക്കുകയാണ്. വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, പേരണ്ടൂര്‍ മേഖലകളിലാണ് നേരത്തെ  വെള്ളം കയറിയതെങ്കില്‍ ഉള്‍പ്രദേശങ്ങളായ വരാപ്പുഴ, തൃപ്പൂണിത്തറ, കളമശ്ശേരി, കലൂര്‍ എന്നിവടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുകയാണ്.

പലയിടങ്ങളിലും വെള്ളം രണ്ട് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറി പെരിയാർ ചാലക്കുടി പുഴകളിൽ ജലനിരപ്പ് ഇനിയും ഉയരും. നിലവിൽ പെരിയാറിന്‍റെ ഇരുതീരത്ത് നിന്നും പത്ത് കിലോമീറ്റർ വരെ ദൂരത്തിൽ വെള്ളം കയറിയിട്ടുണ്ട്. 80,000 ത്തോളം വീടുകൾ വെള്ളത്തിനടിയിലായെന്നാണ് പ്രാഥമിക നിഗമനം.  കൊച്ചി കായലിലും ജലനിരപ്പ് ഉയര്‍ന്നു. പെരിയാർ തീരത്തുള്ള കൂടുതൽ ആളുകളോട്  സുരക്ഷിത സ്ഥാനത്തേക്ക്  മാറാൻ നിർദേശം നൽകിയിട്ടുണ്ട്. ചാലക്കുടി പുഴയുടെ ഇരു തീരങ്ങളിലും മൂന്ന് കിലോമീറ്റർ വരെ വെള്ളം കയറിയിട്ടുണ്ട്.

പത്തനംതിട്ടയിലെ റാന്നിയടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. എന്നാല്‍ മഴ മാറി നില്‍ക്കുന്നുണ്ട്. ചെറിയ തോതില്‍ ജലനിരപ്പ് കുറഞ്ഞതും ആശ്വസം പകരുന്നുണ്ട്. പന്പയിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും അച്ചൻകോവിൽ കരകവിഞ്ഞൊഴുകുകയാണ്. സീതത്തോടും ചിറ്റാറും ഒറ്റപ്പെട്ടു കിടക്കുകയാണ്. പത്തനംതിട്ട ടൗണിന്റെ  ഒരു ഭാഗം ഇപ്പോഴും വെള്ളത്തിനടിയിലാണ്.

ഇവിടങ്ങളില്‍ രണ്ടു ദിവസമായി കുടുങ്ങിക്കിടക്കുന്നവരെ ഇതുവരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ല.  പലയിടത്തും രണ്ട് ദിവസമായിട്ടും രക്ഷാപ്രവർത്തകർക്ക്  എത്താൻ പോലുമാകാത്ത അവസ്ഥയിലാണ്.  വീടുകളിൽ ഒറ്റപ്പെട്ടവർ ഇപ്പോഴും കുടുങ്ങിയ നിലയിലാണ്. ജലനിരപ്പ് ചെറിയ തോതില്‍ കുറഞ്ഞെങ്കിലും മൂന്നാറും വെള്ളത്തിനടിയിൽ തന്നെയാണ്.  വൈദ്യുതിയും വാർത്താവിനിമയ ബന്ധങ്ങളും നിലച്ചതിനാൽ മൂന്നാറുമായുള്ള എല്ലാ ബന്ധവും ഇല്ലാതായി. 

ഇടുക്കിയിലെ  പ്രധാനറോഡുകളെല്ലാം മണ്ണിടിഞ്ഞ് വീണ് തടസപ്പെട്ടു. വെള്ളം പൊങ്ങിയതോടെ റോഡ്, ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ആലുവ ചാലക്കുടി റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് ഈ ഭാഗങ്ങളിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. പാലക്കാട് തൃശൂർ ദേശീയപാതയിൽ കുതിരാനിലടക്കം പലയിടത്തും മണ്ണിടിഞ്ഞു. ആലുവ കന്പിനിപ്പടിയിലും ദേശീയപാതയിലേക്ക് വെള്ളം കയറി.  

അതേസമയം രണ്ടുദിവസത്തെ പ്രളയത്തിന് ശേഷം പത്തനംതിട്ടയില്‍ ജലനിരപ്പ് നേരിയ തോതില്‍ കുറയുകയാണ്. റാന്നിമുതല്‍ ആറാട്ടുപുഴ വരെയുള്ള സ്ഥലങ്ങളില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. രണ്ടുദിവസമായി ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ആയിരക്കണക്കിന് പേരാണ് പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. വെള്ളം താഴുന്നതോട ഇവിടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

റാന്നി,കോഴഞ്ചേരി, മാരാമണ്‍ ,ആറന്മുള, ആറാട്ടുപുഴ, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. റാന്നിമുതല്‍ ആറാട്ടുപുഴ വരെയുള്ള സ്ഥലങ്ങളില്‍ വെള്ളം താഴുന്നതോടൊപ്പം മാന്നാര്‍,അപ്പര്‍ കുട്ടനാട് മേഖലയിലേക്ക് പ്രളയജലം കയറുന്നുണ്ട്. സംസ്ഥാനത്ത് വ്യാപകമായി ദുരന്തം തുടരുമ്പോള്‍ 23 ഹെലികോപ്റ്ററുകള്‍, ബോട്ടുകള്‍ തുടങ്ങിയവുമായി കൂടുതല്‍ കേന്ദ്ര സേനാംഗങ്ങള്‍  ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തുന്നു എന്നത് ആശ്വാസമേകുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios