എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ഇന്ന് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ 

സംസ്ഥാനം പ്രളയ ദുരിതം നേരിടുകയാണ് . വെള്ളപ്പൊക്കത്തില്‍ നിരവധി പ്രദേശങ്ങളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ഇന്ന് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ 

മഴ രണ്ടു ദിവസം കൂടി തുടരും എന്നു കാലാവസ്ഥാ മുന്നറിയിപ്പ്.
എല്ലാ ജില്ലകളിലും റെഡ് അലർട്ട്.

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 16,17 തിയ്യതികളില്‍ അവധി. 

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓഗസ്റ്റ് 31ന് ആരംഭിക്കാനിരുന്ന ഓണപ്പരീക്ഷ മാറ്റിവച്ചു. കേരള, കണ്ണൂർ, കാലിക്കറ്റ് സര്‍വകലാശാലകള്‍ നാളെയും മറ്റന്നാളും നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കുസാറ്റ് അടുത്ത മൂന്ന് ദിവസത്തെ പരീക്ഷകള്‍ മാറ്റി. ആരോഗ്യ സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.

മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ ഉള്ള അഫിലീയേറ്റഡ് കോളേജുകളില്‍ വ്യാഴാഴ്ച്ച നടത്താനിരുന്ന കോളേജ് യുണിയന്‍ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റി വച്ചു.

ട്രെയിൻ ഗതാഗതം സംസ്ഥാനത്ത് തടസ്സപ്പെട്ടിരിക്കുന്നു. പാളത്തിലേക്കു മണ്ണിടിഞ്ഞു വീണു ചില പാതകളിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു.
പല ട്രെയിനുകളും വൈകിയോടുകയാണ്. പല റൂട്ടുകളിലും ഗതാഗതം നിർത്തിവച്ചു. പാളത്തിലേക്കു വെള്ളം കയറിയതിനാൽ തിരുവനന്തപുരം -തൃശൂർ റൂട്ടിൽ ട്രെയിനുകളെല്ലാം വൈകിയോടുകയാണ്. ചില റെയിൽവേ പാലങ്ങളിൽ വേഗ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. 
ചാലക്കുടി - അങ്കമാലി റെയിൽ പാളത്തിൽ വെള്ളം കയറിയതിനാൽ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാലു ദിവസത്തേക്ക് അടച്ചു. ഇനി ശനിയാഴ്ച മാത്രമെ വിമാനത്താവളം തുറന്ന് പ്രവര്‍ത്തിക്കകുയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. 

കൊച്ചിയില്‍നിന്ന് പുലര്‍ച്ചെ 2.50 ന് പുറപ്പെടേണ്ട ഫ്‌ളൈ ദുബായ് എസ്.സഡ് 442 വിമാനം വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് രണ്ടിന് മാത്രമെ പുറപ്പെടൂവെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തണം. അല്ലാത്തപക്ഷം വിമാനം പുറപ്പെടുന്നതിനുമുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാം.

ട്രെയിൻ, വിമാനഗതാഗത സർവീസുകൾ തടസപ്പെട്ടുവെങ്കിലും ഗതാഗത യോഗ്യമായ എല്ലാ വഴികളിലുടെയും കെ എസ് ആർ ടി സി പൊതുജനക്ഷേമം മാത്രം മുൻനിർത്തി സർവീസ് നടത്തുന്നുണ്ട്.
കെ.എസ്.ആർ.ടി.സി. യുടെ സർവീസുകളെ സംബന്ധിച്ച എല്ലാ വിവരങ്ങളും കെ എസ് ആർ ടി സി കൺട്രോൾ റൂമിൽ നിന്നും ലഭ്യമാണ് (0471-2463799, 9447071021).


തയ്യാറാക്കിയത് എം അബ്ദുള്‍ റഷീദ്