കരുവന്നൂര്‍ പുഴയിലെ ചെറിയ ബണ്ട് പൊട്ടിയതിന് പിന്നാലെ എട്ടുമനയ്ക്ക് സമീപത്തെ ഇല്ലിയ്ക്കല്‍ ബണ്ടും തകര്‍ന്നു. ഏതാണ്ട് അരലക്ഷം ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. പ്രദേശത്തെ വാഹനങ്ങളും വീടുകളും പൂര്‍ണമായും വെള്ളത്തനടിയില്‍.  ഇല്ലിയ്ക്കല്‍ ബണ്ടിന്‍ററെ അറ്റകുറ്റപ്പണി ഉടന്‍ തുടങ്ങിയില്ലെങ്കില്‍ വലിയ നാശനഷ്ടങ്ങള്‍ക്ക് വഴിവെച്ചേക്കും.

തൃശൂര്‍: തൃശൂര്‍ ആറാട്ടുപുഴയ്ക്കു സമീപം എട്ടുമന ഇല്ലിയ്ക്കല്‍ ബണ്ട് തകര്‍ന്ന് എട്ടുമന ഗ്രാമം വെള്ളത്തിനടിയിലായി. എന്നാല്‍ അപകടത്തില്‍ ആളപായമില്ല. വന്‍ അപകടം മുന്നില്‍കണ്ട് നേരത്തെതന്നെ പ്രദേശത്തുനിന്ന് ആളുകളെ മാറ്റിയിരുന്നു. ഏതാണ്ട് അരലക്ഷം ആളുകളെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. പ്രദേശത്തെ വാഹനങ്ങളും വീടുകളും പൂര്‍ണമായും വെള്ളത്തിനടിയിലാണ്.

കഴിഞ്ഞ ദിവസം കരുവന്നൂര്‍ പുഴയിലെ ചെറിയ ബണ്ട് പൊട്ടിയപ്പോള്‍ തന്നെ ഗതിമാറി ഒഴുകുകയായിരുന്നു. അന്ന് ഏറ്റുമന, തളിക്കുളം, ചേര്‍പ്പ് തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി. ഇതിനിടെയാണ് എട്ടുമന ബണ്ട് കൂടി പൊട്ടിയത്. നേരത്തെ പൊട്ടിയ ആറാട്ടുപുഴ ബണ്ടിന്‍റെ നിര്‍മ്മാണം കഴിഞ്ഞദിവസം തുടങ്ങിയിരുന്നു. ഇല്ലിയ്ക്കല്‍ ബണ്ടിന്‍ററെ അറ്റകുറ്റപ്പണി കൂടി തുടങ്ങിയില്ലെങ്കില്‍ വലിയ നാശനഷ്ടങ്ങളുണ്ടായേക്കും.