15 പൊലീസ് സ്റ്റേഷനുകളിൽ പൂർണമായും വെള്ളം കയറി. 71 സ്റ്റേഷനുകൾ ഭാഗമായി നശിച്ചു. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം.
തിരുവനന്തപുരം: മഹാപ്രളയത്തിൽ സംസ്ഥാന പൊലീസിന്റെ നഷ്ടം 25 കോടി. അന്വേഷണത്തെ ബാധിക്കുന്ന സുപ്രധാന രേഖകളൊന്നും നഷ്ടമായിട്ടില്ലെന്നാണ് ജില്ലാ പൊലീസ് മേധാവിമാർ ഡിജിപിക്ക് നൽകിയിട്ടുള്ള റിപ്പോർട്ട്. ഓരോ ജില്ലകളിലെയും വിശദമായ കണക്കെടുപ്പിന് എസ്‌പിമാരോട് ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. അതിനുശേഷം പണം അനുവദിക്കുമെന്ന് ഡിജിപി അറിയിച്ചു.
പൊലീസ് സ്റ്റേഷൻ, വാഹനങ്ങള്‍, കമ്പ്യൂട്ടർ, വയർലസ് എന്നിവയുടെ നഷ്ടമാണ് ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്. 15 പൊലീസ് സ്റ്റേഷനുകളിൽ പൂർണമായും വെള്ളം കയറി. 71 സ്റ്റേഷനുകൾ ഭാഗമായി നശിച്ചു. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. അറ്റകുറ്റപ്പണിക്ക് മാത്രം അഞ്ച് കോടി 35 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. സ്റ്റേഷനുകളുണ്ടായിരുന്ന പ്രധാനപ്പെട്ട രേഖകളും ആയുധങ്ങളുമെല്ലാം മാറ്റിയിരുന്നുവെന്നാണ് എസ്‌പിമാരുടെ റിപ്പോർട്ട്.
രക്ഷാപ്രവർത്തനത്തിനിറങ്ങിയ പൊലീസുകാരുടെ യൂണിഫോമും തൊണ്ടിമുതലായി പിടിച്ചെടുത്ത വാഹനങ്ങളും നശിച്ചു. ഇവയുടെ നഷ്ടം കണക്കാക്കിയിട്ടില്ല. ആലുവ റൂറൽ എസ്‌പിയുടെ ക്യാമ്പ് ഓഫീസിൽ വെള്ളം കയറി കാറിന് കേടുപാടു സംഭവിച്ചു. ആറന്മുള പൊലീസ് സ്റ്റേഷന്റ നവീകരണത്തിന് രണ്ടുകോടി അനുവദിച്ചിട്ടുണ്ട്.
