തടിയംപാട് ചപ്പാത്ത് ഗതാഗതയോഗ്യമാക്കുന്നു. വൈകുന്നേരത്തോടെ തുറക്കാൻ കഴിഞ്ഞേക്കും. മരിയാപുരം പഞ്ചായത്തുകാർക്ക് ആശ്വാസം.
ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചതോടെ തടിയംപാട് ചപ്പാത്തിൽ നിന്ന് വെള്ളം ഇറങ്ങി. ചപ്പാത്തിലൂടെയുള്ള ഗതാഗതം
പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇടുക്കിയിൽ നിന്നും സെക്കൻറിൽ 1000 ഘനമീറ്ററോളം വെള്ളം തുറന്നു വിട്ടതിനെ തുടർന്നാണ് തടിയംപാട് ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയത്. വാഴത്തോപ്പ്, മരിയാപുരം എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിച്ചിരുന്ന പാത ഇതോടെ അടഞ്ഞു. വെള്ളമൊഴുക്ക് കുറഞ്ഞതോടെയാണ് ചപ്പാത്തിൻറെ കേടുപാടുകൾ പുറത്തറിഞ്ഞത്. ചപ്പാത്തിന് കാര്യമായ കേടുപാടുകൾ ഇല്ലെങ്കിലും റോഡ് പൂർണമായി തകർന്നിരുന്നു.
ചില ഭാഗത്ത് കാൽനട പോലും പറ്റാത്ത അവസ്ഥ. വെള്ളം ഒഴുകുന്ന ഏതാനും വെൻറുകൾ അടയുകയും ചെയ്തു. അറ്റകുറ്റപ്പണികൾ നടത്തിയെങ്കിൽ മാത്രമേ വാഹനങ്ങൾ കടത്തിവിടാൻ കഴിയുകയുള്ളൂ എന്ന അവസ്ഥയായി. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പണികൾ നടത്താൻ നിർദ്ദേശം നൽകുകയായിരുന്നു. വെള്ളമൊഴുക്കിൽ കുഴികൾ രൂപപ്പെട്ട ഭാഗങ്ങളിൽ കരിങ്കല്ല് നിരത്തുന്ന പണികൾ പുരോഗമിച്ചുവരുന്നു.
ചപ്പാത്തിൽ വെള്ളം കയറിയതോടെ കഴിഞ്ഞ മാസം പത്താം തീയതി മുതൽ ഇതിലേ ഗതാഗതം നിരോധിച്ചതാണ്. ഇതോടെ മരിയാപുരം പഞ്ചായത്തിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. അക്കരെയുള്ളവർ വീട്ടിലെത്താൻ 20 കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലായിരുന്നു. ഇതിനൊരു പരിഹാരമാണിപ്പോൾ ഉണ്ടായിരിക്കുന്നത്. വൈകുന്നേരത്തോടെ ചപ്പാത്ത് തുറക്കാൻ കഴിഞ്ഞേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
