ആദ്യം പേര് വ്യക്തമാക്കാതെയുളള ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച ചിത്രങ്ങൾ ആയിരുന്നു പുറത്തുവിട്ടത്.
കൊല്ലം: പുനലൂർ മുക്കടവ് ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു. ആലപ്പുഴ ചാരുംമൂടിന് സമീപം വേടർപ്ലാവ് സ്വദേശി പാപ്പർ എന്ന അനിക്കുട്ടൻ(45) ആണ് കൊല നടത്തിയതെന്നാണ് പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ സെപ്റ്റംബർ 17 മുതൽ കാണ്മാനില്ല. ചിത്രങ്ങൾ സഹിതം രണ്ടാമത്തെ ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.
ഷർട്ട്, മുണ്ട്, കറുപ്പ് / കാവി നിറത്തിലുള്ള ലുങ്കികൾ എന്നിവയാണ് സാധാരണ ധരിക്കുന്നത്. കാലിൽ പൊള്ളലേറ്റ മുറിവ് ഉണങ്ങിയ പാടുണ്ട്. ഇരുനിറം, മെലിഞ്ഞ ശരീരം, മിക്കപ്പോഴും ഷോൾഡർ ബാഗ് കൊണ്ട് നടക്കാറുണ്ടന്നും പോലീസ് പറയുന്നു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497987038 (പുനലൂർ പോലീസ് ഇൻസ്‌പെക്ടർ), 9497980205 (സബ് ഇൻസ്‌പെക്ടർ), 0475 2222700 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.
ആദ്യം പേര് വ്യക്തമാക്കാതെയുളള ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച ചിത്രങ്ങൾ ആയിരുന്നു പുറത്തുവിട്ടത്. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ലഭിച്ച തുമ്പിൽ നിന്നാണ് പ്രതിയെന്ന സംശയിക്കുന്ന ഇയാളുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
സെപ്റ്റംബർ 22 നാണ്, ആളുകേറാമലയിൽ കാന്താരി ശേഖരിക്കാൻ വന്നയാൾ ഇവിടെ റബ്ബർ മരങ്ങൾക്കിടയിൽ ഒരു മൃതദേഹം കണ്ടത്. കത്തിക്കരിഞ്ഞ മൃതദേഹം ചങ്ങല കൊണ്ട് മരത്തിൽ ബന്ധിച്ച നിലയിലായിരുന്നു. ദുരൂഹതകൾ നിറഞ്ഞ കേസിന്റെ അന്വേഷണ ചുമതല ദക്ഷിണ മേഖല ഡിഐജി അജിതാബീഗം നേരിട്ട് ഏറ്റെടുത്തു. അന്യ സംസ്ഥാനങ്ങളിലേക്കടക്കം അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവും കൊല്ലപ്പെട്ടയാളുടെ കാലുകളിൽ ഒന്നിന് സ്വാധീനം കുറവാണെന്നതുമായിരുന്നു ആകെ ലഭിച്ച നിർണ്ണായക വിവരങ്ങൾ.


