ദോഹ: മലയാളികളുടെ മനസ്സില്‍ ഗൃഹാതുരതയുടെ രുചിക്കൂട്ടുകളുമായി ഖത്തറില്‍ കേരള ഭക്ഷ്യമേളയ്‌ക്ക് തുടക്കമായി. തനിനാടന്‍ ഭക്ഷ്യവിഭവങ്ങളും കേരളീയ ഉല്‍പന്നങ്ങളും അണിനിരത്തിയാണ് മേളയിലേക്ക് മലയാളികളെ ആകര്‍ഷിക്കുന്നത്. കേരളത്തിലെ ഒരു കൊച്ചു നാട്ടിന്‍പുറത്തെ ഉത്സവകാഴ്ചകള്‍ മാളിനുള്ളില്‍ പുനഃസൃഷ്‌ടിച്ചാണ് ദോഹയിലെ ബര്‍വ സിറ്റിയിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കേരള ഭക്ഷ്യ മേള സംഘടിപ്പിച്ചത്.
ഓലമേഞ്ഞ തട്ടുകടയില്‍ ഇറച്ചിപ്പുട്ട്,കപ്പ ബിരിയാണി,തട്ട് ദോശ,ഞണ്ടു കറി,കുട്ടനാടന്‍ താറാവ് വരട്ടിയത് തുടങ്ങി നാവില്‍ കൊതിയൂറുന്ന വിഭവങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്.അഞ്ഞൂറോളം ഭക്ഷ്യവിഭവങ്ങളും ഉത്പന്നങ്ങളും അടങ്ങുന്നതാണ് പ്രദര്‍ശനം. ദോഹ ബാങ്ക് സി.ഇ.ഒ ആര്‍.സീതാരാമന്‍ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. പതിനാറാമത്തെ വര്‍ഷമാണ് ലുലുവില്‍ കേരള ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.
ഷെഫ് അനില്‍ കുമാര്‍ നേതൃത്വം നല്‍കുന്ന ലൈവ് പാചക പരിപാടി , ഉപഭോക്താക്കള്‍ക്കായുള്ള വിവിധ മത്സര പരിപാടികള്‍, കേരള ഫാഷന്‍ ഷോ, മോഹിനിയാട്ടം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളും മേളയുടെ ഭാഗമായി നടക്കും. ഈ മാസം ഏഴിന് പാചക മത്സരത്തോടെ മേള സമാപിക്കും.
