കൊല്ലം: കൊല്ലം ട്രിനിറ്റി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഗൗരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടികാഴ്ച. ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായി എന്നാണ് മാതാപിതാക്കളുടെ ആരോപണം.

മകളുടെ മരണത്തിൽ ഉന്നത തലഅന്വേഷണം മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ഗൗരിയുടെകുടുംബംമുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം പരാതിയിൽ പറയുന്നു . കാര്യക്ഷമമായി അന്വേഷണം നടത്തുമെന്നും മുഖ്യ മന്ത്രി ഉറപ്പു നൽകിയതായി കുട്ടിയുടെ അച്ഛൻ പ്രസന്നൻ വ്യക്‌തമാക്കി

കഴി‌ഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ഗൗരി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗൗരിയെ കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സ നിഷേധിക്കപ്പെട്ടതായി പൊലിസ് പറയുന്നുണ്ട്. ആശുപത്രിയിലെത്തിച്ച ഗൗരിക്ക് നാല് മണിക്കൂര്‍ ചികിത്സ നല്‍കിയില്ലെന്നാണ് വിലയിരുത്തല്‍. ഗൗരിയുടെ വിശദമായ സ്കാനിങ് നടത്തിയില്ല. കൊല്ലം പൊലിസ് ആശുപത്രി രേഖകള്‍ പൊലിസ് പരിശോധിക്കുന്നു.

തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ഗൗരിയുടെ അന്ത്യം. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഗൗരി. സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തിരുന്നു. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ചാടിയതെന്നാണ് പരാതി. ആരോപിതരായ സിന്ധു, ക്രസന്‍റ എന്നീ രണ്ട് അധ്യാപികമാര്‍ ഒളിവിലാണ്. ഇവരെ സ്കൂള്‍ പുറത്താക്കിയിട്ടുണ്ട്.