1,96,2200 പുസ്തകങ്ങളുടെ അച്ചടിയും വിതരണവുമാണ് സംസ്ഥാനത്ത് പൂർത്തിയായത്. സ്കൂൾ തുറക്കുന്നതിന് മുൻപെ 85 ശതമാനം പുസ്തകങ്ങളുടെയും അച്ചടി പൂർത്തിയായിരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്കൂളുകളിലേക്കുള്ള രണ്ടാം ഭാഗ പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയായെന്ന് കേരള ബുക്ക്സ് ആന്‍റ് പബ്ലിക്കേഷൻ സൊസൈറ്റി. 3325 സൊസൈറ്റികളിലേക്ക് വേണ്ട പുസ്തകത്തിന്‍റെ വിതരണവും അച്ചടിയുമാണ് പൂർത്തിയായത്. പ്രളയത്തെ തുടർന്ന് കുട്ടികളുടെ നശിച്ച പാഠപുസ്തകങ്ങള്‍ക്കു പകരം പുസ്തകങ്ങളും വിതരണം ചെയ്തു
1,96,2200 പുസ്തകങ്ങളുടെ അച്ചടിയും വിതരണവുമാണ് സംസ്ഥാനത്ത് പൂർത്തിയായത്. സ്കൂൾ തുറക്കുന്നതിന് മുൻപെ 85 ശതമാനം പുസ്തകങ്ങളുടെയും അച്ചടി പൂർത്തിയായിരുന്നു. എന്നാൽ പ്രളയത്തെ തുടർന്ന് ഇത് നീണ്ട് പോയി. അച്ചടി പൂർത്തിയായ പുസ്തകങ്ങൾ അതത് ജില്ലകളിലെ ഹബ്ബിലേക്ക് എത്തിക്കാനുള്ള നടപടി ക്രമങ്ങൾ നടത്തിയെന്ന് കെബിപിഎസ് ഭാരവാഹികൾ അറിയിച്ചു.
കൂടാതെ പ്രളയത്തെ തുടർന്ന് നശിച്ച പുസ്തകങ്ങൾക്ക് പകരം വിതരണം ചെയ്യേണ്ട പുസ്തകങ്ങളും സൊസൈറ്റികളിൽ എത്തിച്ചു. പ്രളയത്തിൽ 65 ലക്ഷം പാഠപുസ്തകങ്ങൾ നശിച്ചെന്നും അതിന്‍റെ അച്ചടി പൂർത്തിയാക്കാനുമാണ് വിദ്യാദ്യാസ വകുപ്പ് ആവശ്യപ്പെട്ടത്. വേഗത്തിൽ അച്ചടി പൂർത്തിയാക്കി കെബിപിഎസ് സൊസൈറ്റികളിൽ പുസ്തകങ്ങൾ എത്തിച്ചു.
ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങൾക്കാണ് രണ്ടാംഭാഗമുള്ളത്. അൺഎയ്ഡഡ് സ്കൂളുകളിലേക്കുള്ള പാഠ പുസ്തകങ്ങൾ പണമടച്ചാലാണ് ജില്ലാ ഹബ്ബിൽ നിന്ന് സ്കൂൾ അധികൃതർക്ക് കൈപ്പറ്റാൻ സാധിക്കുക. മൂന്നാംഭാഗ പാഠപുസ്തകങ്ങളുടെ വിതരണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും.
