ആരോരുമില്ലാതെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കിടക്കുന്നവര്‍ക്കായി സര്‍ക്കാരിന്‍റെ 'സ്നേഹക്കൂട്'

First Published 10, Mar 2018, 7:31 PM IST
Kerala government new project for mental patients
Highlights
  • 300 ഓളം പേര്‍ ഏറ്റെടുക്കാനാളില്ലാതെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍
  • ആദ്യഘട്ടത്തില്‍ 130 പേര്‍ക്ക് സ്നേഹക്കൂടിലേക്കെത്തും

തിരുവനന്തപുരം: സുഖം പ്രാപിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആരുമില്ലാതെ സംസ്ഥാനത്തെ   മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ ഏറെയുള്ളത്. മനസിന് അസുഖം ബാധിച്ചവരെ ചികിത്സിച്ച് ഒപ്പം കൂട്ടാന്‍ പലര്‍ക്കും താത്പര്യമില്ല. അവരെ ഒരു ബാധ്യതയായി കണ്ട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ തള്ളി ഒളിച്ചോടുന്നവരാണ് അധികവും. പൂര്‍ണമായി രോഗം ഭേദമായാല്‍ പോലും അവരെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ ഒരുക്കമല്ല. ഇത്തരത്തില്‍  മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സാനന്തരം രോഗവിമുക്തി കൈവരിച്ചവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്‌നേഹക്കൂട് എന്ന പേരില്‍ ഒരു പുന:രധിവാസ പദ്ധതി തയ്യാറാക്കുകയാണ്. 

ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ബന്യാന്‍, ടിസ്സ്, ഹാന്‍സ് ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായാണ് ഈ പദ്ധതിയാവിഷ്‌കരിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 12-ാം തീയതി തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഇതിന്റെ ഭാഗമായി പുന:രധിവാസ ധാരണാപത്രവും ഒപ്പുവയ്ക്കും. കൂടാതെ 4 കോടി രൂപ സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മിക്കുന്ന പുരുഷന്‍മാര്‍ക്കുള്ള ആധുനിക ചികിത്സാ നിരീക്ഷണ വാര്‍ഡിന്റെ തറക്കല്ലിടല്‍ ചടങ്ങും നടക്കും. 

പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണ് എല്ലാതരം മാനസിക രോഗങ്ങളും. തലച്ചോറിലെ നാഡീ കോശങ്ങളിലെ തകരാറ് മൂലമുണ്ടാകുന്ന സ്‌കീസോഫ്രീനിയ (ഭ്രാന്തിന്റെ അവസ്ഥ) പോലും ഒന്നര രണ്ട് മാസത്തെ ചികിത്സയും മരുന്നും കൊണ്ട് 100 ശതമാനവും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സാധിക്കും. അവര്‍ക്ക് സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തിയുമുണ്ടാകുന്നു. ജീവിത ശൈലീ രോഗങ്ങളെപ്പോലെ ചില മനോരോഗങ്ങള്‍ക്ക് ദീര്‍ഘകാല മരുന്നും ചിലതിന് ആജീവനാന്ത മരുന്നും ആവശ്യമാണ്. ഒരിക്കല്‍ മാനസിക രോഗം വന്നാല്‍ എല്ലാക്കാലത്തും അയാള്‍ മനോരോഗിയാണെന്ന മനോഭാവമാണ് ഇവരെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ മുന്നോട്ട് വരാത്തത്. ഇതിലേറെയും സ്ത്രീകളാണെന്നുള്ളതാണ് ഏറ്റവും ഞെട്ടിക്കുന്ന കാര്യം. അവരില്‍ അന്യദേശക്കാരും അലഞ്ഞു തിരിയുന്നവരും വരെയുണ്ട്. 

തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നിങ്ങനെ 3 മാനസികാരോഗ്യ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഈ കേന്ദ്രങ്ങളില്‍ 300 ഓളം പേരാണ് ആരും ഏറ്റെടുക്കാനില്ലാതെ ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. ഇവരില്‍ 130 പേരെയാണ് ആദ്യഘട്ടത്തില്‍ മലപ്പുറത്ത് സജ്ജമാക്കിയിട്ടുള്ള ദി ബന്യാന്‍ സംഘടനയുടെ സ്‌നേഹ വീട്ടിലേക്ക് എത്തുക. തിരുവന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും 45 പേരും, തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും 25 പേരും, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും 60 പേരുമാണുള്ളത്. ഇവര്‍ക്ക് മതിയായ തൊഴിലും നല്‍കുന്നതാണ്. 

ശാരീരികാരോഗ്യം പോലെയോ, അതിലുപരിയോ പ്രാധാന്യമുള്ള ഒന്നാണ് മാനസികാരോഗ്യം. ഇതിന്റെ പ്രാധാന്യം മനസിലാക്കി വിവിധ പദ്ധതികളാണ് ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. കേരളത്തിലെമ്പാടും ഇന്ന് മാനസികാരോഗ്യസേവനം ലഭ്യമാകത്തക്കവിധത്തില്‍ വികേന്ദ്രീകൃത മാനസികാരോഗ്യ സംവിധാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജില്ലാ മാനസികാരോഗ്യ പദ്ധതി നിലവിലുണ്ട്. ഇതിന്റെ ഭാഗമായി ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, നഴ്‌സ് എന്നിവരടങ്ങുന്ന സംഘം തെരഞ്ഞെടുത്ത സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തി മാനസിക രോഗം ഉള്ളവരെ ചികിത്സിക്കുന്നു. 

അവര്‍ക്കുള്ള ചികിത്സ, മരുന്ന്, കൗണ്‍സിലിംഗ് എന്നിവ സൗജന്യമായി നല്‍കുന്നു. കൂടാതെ സമഗ്ര മാനസികാരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26 പകല്‍ വീടുകള്‍ പ്രവര്‍ത്തന സജ്ജമാക്കി. മാനസിക രോഗം ഭേദമായവര്‍ക്ക് പുന:രധിവാസം, കൗണ്‍സിലിംഗ്, തൊഴില്‍ പരിശീലനം, സൗജന്യ മരുന്ന്, സൗജന്യ ഭക്ഷണം എന്നിവ നല്‍കി വരുന്നു. ഇവരെ സ്വയം പര്യാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ ഈ പദ്ധതി വഴി സാധിക്കുന്നു. ഇതു കൂടാതെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വച്ചു തന്നെ മാനസിക പ്രശ്‌നങ്ങളും വിഷാദരോഗവും കണ്ടെത്തുന്നതിനും ചികിത്സ നല്കുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.  മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ചികിത്സ കഴിഞ്ഞ് അസുഖം ഭേദമായവരുടെ ബന്ധുക്കളെ യഥാസമയം കണ്ടുപിടിക്കാന്‍ സാധിക്കാതെയോ ബന്ധുക്കള്‍ കയ്യൊഴിയുകയോ ചെയ്യുന്നതുമൂലം ദീര്‍ഘകാലമായി കിടക്കുന്നവര്‍ക്ക് അങ്ങനെ ഈ സ്‌നേഹവീട് ഒരു വീടാകുകയാണ്. 

loader