ഇക്കഴിഞ്ഞ ജനുവരി പത്തിനാണ് ഏനാത്ത് പാലത്തിന്റെ ഡക്ക് സ്ലാബുകള്‍ താഴ്ന്ന് പാലം അപകടാവസ്ഥയിലായത്. കൊല്ലം,പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം അടച്ചതോടെ വലിയ ഗതാഗത പ്രശ്നമാണ് പ്രദേശത്ത് നിലവിലുള്ളത്. പാലം പുനര്‍നിര്‍മ്മാണത്തിനുള്ള അടിയന്തര നടപടികളുമായി പൊതുമരാമത്ത് വകുപ്പ് മുന്നോട്ട് പോകുകയാണ്. ചെന്നൈ ഐ.ഐ.ടിയില്‍ നിന്ന് വിരമിച്ച എന്‍ജിനീയറിംഗ് വിദഗ്ധന്‍ ഡോ. അരവിന്ദിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘത്തിന്റെ സേവനവും തേടിയിരുന്നു. താല്‍കാലിക ഇരുമ്പുപാലം നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് നല്‍കാന്‍ കേരള സ്റ്റീല്‍ ഇന്റസ്ട്രീസിനെയും ഏല്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് രൂക്ഷമായ ഗതാഗത പ്രശ്നത്തിന് താല്‍കാലിക പരിഹാരമെന്ന നിലയില്‍ സമാന്തരപാലം നിര്‍മ്മിക്കാന്‍ കരസേനയോട് ആവശ്യപ്പെട്ടത്. അടിയന്തര തീരുമാനം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രിക്കും ജി സുധാകരന്‍ കത്തയച്ചിട്ടുണ്ട് .