Asianet News MalayalamAsianet News Malayalam

ശബരിമല യുവതീപ്രവേശന വിധി: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ സുപ്രീംകോടതിയിലേക്ക്. വിധി നടപ്പാക്കുന്നതിന് സംഘടനകൾ ഉണ്ടാക്കുന്ന തടസങ്ങൾ അറിയിക്കാനും പൊലീസിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അറിയിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന ബുദ്ധിമുട്ട് കോടതിയെ അറിയിക്കും

kerala government supreme court in Sabarima issue
Author
Kerala, First Published Nov 26, 2018, 1:39 PM IST

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ സുപ്രീംകോടതിയിലേക്ക്. വിധി നടപ്പാക്കുന്നതിന് സംഘടനകൾ ഉണ്ടാക്കുന്ന തടസങ്ങൾ അറിയിക്കാനും പൊലീസിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അറിയിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന ബുദ്ധിമുട്ട് കോടതിയെ അറിയിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ആകും കോടതിയെ സമീപിക്കുക. സർക്കാർ സ്റ്റാന്റിങ് കൗൺസിൽ ജി പ്രകാശ് മുതിർന്ന അഭിഭാഷകരും ആയി കൂടി കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം.

ഭക്തരെ അറസ്റ്റ് ചെയ്തിട്ടില്ല, വിധി നടപ്പാക്കാൻ എല്ലാ നടപടികളുമെടുത്തു. എന്നിട്ടും ഇതിനെതിരെ പല കോടതികളിൽ വരുന്ന ഹർജികൾ ജോലി തടസപ്പെടുത്തുകയാണ്. വിധി നടപ്പാക്കാൻ കൃത്യമായ മാർഗനിർദേശങ്ങൾ വേണം എന്നാവശ്യപ്പെട്ട് പൊലീസ് സുപ്രിംകോടതിയെ സമീപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കേരള പൊലീസ് നേരിട്ട് കോടതിയെ സമീപിക്കില്ല. പകരം ഇക്കാര്യങ്ങളെല്ലാം ചീഫ് സെക്രട്ടറി വഴി സര്‍ക്കാര്‍ കോടതിയെ അറിയിക്കാനാണ് തീരുമാനം.

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾക്കെതിരെ ഹൈക്കോടതിയിലടക്കം നിരവധി ഹർജികൾ വരുന്ന സാഹചര്യത്തിലാണ് പൊലീസ് സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങിയത്. പൊലീസിന്‍റെ നിയന്ത്രണങ്ങളുടെയും ശബരിമലയിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞയുടെയും പേരിൽ വലിയ വിമർശനങ്ങളാണ് പൊലീസിന് നേരിടേണ്ടി വന്നത്. 

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനും ക്രമസമാധാനപാലനത്തിനുമാണ് നിയന്ത്രണങ്ങളേർപ്പെടുത്തിയതെന്ന് എജിയടക്കം ഹൈക്കോടതിയിൽ ഹാജരായി പല തലവണ വിശദീകരണം നൽകേണ്ടി വന്നിരുന്നു. ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ഡിജിപി സത്യവാങ്മൂലം നൽകേണ്ടിയും വന്നു.

പൊലീസിന് വിധി നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്ക് പുറമെ സര്‍ക്കാരും ഇക്കാര്യത്തില്‍ ഏറെ പഴി കേള്‍ക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസുമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്ത് വരുമ്പോള്‍ സുപ്രിംകോടതിയില്‍ നിന്ന് തന്നെ ഇതിനുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 

പൊലീസിന് കൃത്യമായ നിയന്ത്രണച്ചട്ടങ്ങൾ കൊണ്ടുവരാൻ കഴിയുന്നില്ല, ഹൈക്കോടതിയിൽ നിന്നടക്കമുണ്ടാകുന്ന പരാമർശങ്ങൾ അനുസരിച്ച് ചട്ടങ്ങൾ മാറ്റേണ്ടി വരുന്നു,  ശബരിമലയിൽ യഥാർഥ ഭക്തരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല, പ്രശ്നമുണ്ടാക്കിയ പ്രക്ഷോഭകാരികളെ മാത്രമാണ് അറസ്റ്റ് ചെയ്തത്,  അതിനു പോലും വിമർശനം നേരിടേണ്ടി വന്നു തുടങ്ങിയ കാര്യങ്ങളും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിക്കും.

Follow Us:
Download App:
  • android
  • ios