തിരുവനന്തപുരം: വിഎസ്സിന് കാബിനറ്റ് പദവി നൽകാനായി ഇരട്ടപ്പദവി നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. പൊതുചർച്ചക്ക് ശേഷം ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ട് 19ന് സഭ പാസ്സാക്കും. വോട്ട് ഓൺ അക്കൗണ്ട് ഇന്ന് പാസ്സാക്കും.
എംഎൽഎയായ വിഎസ് അച്യുതാനന്ദന് കാബിനറ്റ് പദവിയോടെ ഭരണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനാക്കാനാണ് ഭേദഗതി. 1951ലെ നിയമസഭാ അയോഗ്യതാ നീക്കൽ നിയമത്തിൽ ഭരണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനെകൂടി ഉൾപ്പെടുത്താനാണ് ബിൽ. മുമ്പ് മുഖ്യമന്ത്രിമാരായിരുന്ന ഇഎംഎസ്സും ഇകെ നായനാരും ഭരണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷന്മാരായിരുന്നു.
ബില്ലിന് 65 വർഷത്തെ മുൻകാല പ്രാബല്യം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമക്കുരുക്ക് ഒഴിവാക്കാനാണിത്. അംഗബലം അനുസരിച്ച് ബിൽ ഭരണപക്ഷത്തിന് പാസ്സാക്കാം. എന്നാൽ ചർച്ചയിൽ വിഎസ് പദവിക്ക് വേണ്ടി പാർട്ടി കീഴടങ്ങിയെന്ന വിമർശനം പ്രതിപക്ഷം ഉന്നയിക്കാനിടയുണ്ട്.
ചർച്ചക്കിടെ വിഎസ് എന്തെങ്കിലും പ്രതികരിക്കുമോ എന്നുള്ളതും എല്ലാവരും ഉറ്റുനോക്കുന്നു. ബിൽ പാസ്സായ ശേഷം ചേരുന്ന മന്ത്രിസഭാ യോഗമായിരുന്നു കമ്മീഷന്‍റെ ഘടന ,മറ്റ് അംഗങ്ങൾ എന്നിവ തീരുമാനിക്കുക. ആദ്യം പദവി ഏറ്റെടുക്കാൻ മടിച്ച വിഎസ് കേന്ദ്ര നേതൃത്വത്തിന്റെ നിർബന്ധം മൂലമാണ് വഴങ്ങിയത്.
