സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയെ കുറിച്ചും അത് നേരിടുന്നതിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയെ കുറിച്ചും വിമര്‍ശനമുന്നയിച്ചുകൊണ്ട് പ്രതിപക്ഷത്ത് നിന്ന് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതിന് മറുപടി പറയവെ, നൂറ്റാണ്ട് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വരള്‍ച്ചയാണ് കേരളം നേരിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇത് നേരിടാന്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്യും. ഇതിന് പുറമേ മഴമേഖങ്ങളെ റഡാര്‍ ഉപയോഗിച്ച് കണ്ടെത്തി കൃത്രിമമായ മഴ പെയ്യിക്കാനുള്ള സാധ്യത തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം സാധ്യമാണെങ്കില്‍ നടപ്പാക്കുന്നതിനുള്ള എല്ലാ പിന്തുണയും പ്രതിപക്ഷവും വാഗ്ദാനം ചെയ്തു. 

വരള്‍ച്ചയെ കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള സര്‍വ്വ കക്ഷി സംഘം, ഈ മാസം 20,21 തീയ്യതികളില്‍ പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിച്ചെങ്കിലും പ്രധാനമന്ത്രി തിരക്കിലാണെന്ന് പറഞ്ഞ് അനുമതി നിഷേധിച്ചെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനും നിഷേധാത്മക സമീപനമാണ്. കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രിക്ക് താത്പര്യമില്ലെന്നാണ് മനസിലാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവും സമാനമായ അഭിപ്രായമാണ് പറഞ്ഞത്. എന്നാല്‍ ആഭ്യന്തര മന്ത്രിയെയോ ധനമന്ത്രിയെയോ കാണാന്‍ സമയം ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നുമായിരുന്നു ബി.ജെ.പി അംഗം ഒ. രാജഗോപാലിന്റെ അഭിപ്രായം.