തിരുവനന്തപുരം: കള്ളിൽ മായം ചേര്‍ക്കുന്നതിനെതിരായ ശിക്ഷയിൽ ഇളവു വരുത്താൻ സംസ്ഥാന മന്ത്രിസഭാ തീരുമാനം .ഇതിനായി അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തും.
അബ്കാരി നിയമത്തിൽ കള്ളിനായി പ്രത്യേക വകുപ്പ് എഴുതിച്ചേര്‍ത്താണ് മായം ചേര്‍ക്കൽ ശിക്ഷയിൽ ഇളവു വരുത്തുന്നത്. കള്ളിൽ അന്നജം ചേര്‍ത്താലുള്ള ശിക്ഷയിലാണ് ഇളവ്. നേരത്തെ ഇത് ജാമ്യമില്ലാ കുറ്റമായിരുന്നു. ഭേദഗതി നടപ്പാകുന്നതോടെ കള്ളിൽ കഞ്ഞി വെള്ളം ചേര്‍ത്താലുള്ള ശിക്ഷ പരമാവധി ആറു മാസം തടവും 25,000 രൂപ പിഴയുമാകും.
അബ്കാരി നിയമത്തിലെ അന്‍പത്തിയേഴാം വകുപ്പിൽ മാറ്റം വരുത്തിയാണ് പുതിയ ഭേദഗതി. വിഷ പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നതിനൊപ്പമുള്ള അതേ കുറ്റമായാണ് കഞ്ഞിവെള്ളം ചേര്‍ക്കലും കണക്കാക്കിയിരുന്നത് .ഇക്കാര്യത്തിലാണ് ഇളവും വരുന്നത് . കള്ളിൽ ചേര്‍ക്കുന്ന വിഷ പദാര്‍ഥത്തിന്‍റെ വീര്യത്തിന് അനുസരിച്ചായിരുന്നു ശിക്ഷ. കുറഞ്ഞത് മൂന്നു വര്‍ഷം വരെ തടവും അന്‍പതിനായിരം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റം.
കഞ്ഞിവെള്ളം ചേര്‍ക്കുന്നത് കുറ്റകരമാണെന്ന് 2015 ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വീര്യം കൂട്ടാൻ കള്ളിൽ മായം ചേര്‍ക്കൽ വ്യാപകമാണെന്ന പരാതി നിലനില്‍ക്കുന്നതിനിടെയാണ് നിയമ ഭേദഗതി. മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 23 അക്കി ഉയര്‍ത്താനും നിയമം ഭേദഗതി ചെയ്യും. മദ്യനയത്തിലെ പ്രഖ്യാപനത്തിന് അനുസരിച്ചാണ് മദ്യം ഉപയോഗിക്കാനുള്ള പ്രായ പരിധി 23 ആക്കി ഉയര്‍ത്തുന്നത്.
നിലവിൽ ഇത് 21 ആണ്. പ്രായ പരിധി ഉയര്‍ത്തി ഒാര്‍ഡിനൻസ് ഇറക്കാൻ ഗവര്ണറോട് ശുപാര്‍ശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു .മൊഴിയെടുക്കാൻ ആരെയും വിളിച്ചു വരുത്താൻ വനിതാ കമ്മിഷന് അധികാരം നല്‍കുന്നതിനായി നിയമ ഭേദഗതി കൊണ്ടു വരാനും മന്ത്രിസഭ തീരുമാനിച്ചു .നിലവിൽ സാക്ഷികളെ വിളിച്ചു വരുത്താൻ മാത്രമേ കമ്മിഷന് അധികാരമുള്ളൂ .
