Asianet News MalayalamAsianet News Malayalam

തുടര്‍ച്ചയായ ഹര്‍ത്താലിനെതിരെ ഹൈക്കോടതി: മുന്‍കൂര്‍ നോട്ടീസ് നിര്‍ബന്ധമാക്കാനുള്ള സാധ്യത തേടി

ഹർത്താൽ ഗുരുതര പ്രശ്നമെന്ന് ഹൈക്കോടതി. ഹർത്താൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് 7 ദിവസത്തെ നോട്ടീസ് നൽകുന്നതിനെക്കുറിച്ച് നിയമം കൊണ്ടുവരുന്നത് ആലോചിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി.

kerala high court asks the reply of state on bringing a law against harthal
Author
Kochi, First Published Jan 7, 2019, 11:50 AM IST

കൊച്ചി: ഹർത്താൽ ഗുരുതരമായ ക്രമസമാധാനപ്രശ്നമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. തുടർച്ചയായ ഹർത്താലുകൾക്കെതിരെ സംസ്ഥാനസർക്കാർ നടപടിയെടുത്തേ മതിയാകൂ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വാക്കാൽ പരാമർശം നടത്തി. ഹർത്താലിനെതിരെ  കേരളാ ചേംബർ ഓഫ് കൊമേഴ്സും മലയാളവേദിയും നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി പരാമർശം.  

ഹർത്താൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് 7 ദിവസത്തെ നോട്ടീസ് നൽകുന്നതിനെക്കുറിച്ച് നിയമം കൊണ്ടുവരുന്നത് ആലോചിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോൾ നിലപാടറിയിക്കാനും കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.   

കടകൾക്ക് സംരക്ഷണം നൽകണം എന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. സ്വസ്ഥമായി ബിസിനസ് മുൻപോട്ടു കൊണ്ട് പോകാൻ സാധിക്കുന്നില്ല. കടകൾ തല്ലിപ്പൊളിച്ചു. ഒരാളെ പോലും അതിന്‍റെ പേരിൽ അറസ്റ്റ് ചെയ്തിട്ടില്ല എന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു. 

ഹർത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്ന് ഹൈക്കോടതി സംസ്ഥാനസർക്കാരിനോട് ചോദിച്ചു. നാളെ നടക്കുന്ന പണിമുടക്കിൽ തുറക്കുന്ന കടകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.   

Read More: ഹർത്താലിൽ ഇനി സ്വകാര്യമുതൽ നശിപ്പിച്ചാലും കുടുങ്ങും; സർക്കാരിന്‍റെ പുതിയ ഓർഡിനൻസ് വരുന്നു

തുടർച്ചയായി പ്രഖ്യാപിക്കപ്പെടുന്ന ഹർത്താലുകളിൽ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. സുപ്രീംകോടതിയടക്കം പല തവണ ഇടപെട്ടിട്ടും ഈ പ്രശ്നത്തിൽ ഒരു പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു വർഷം 97 ഹർത്താൽ എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ പ്രയാസമാണ്. ഇത് കേരളത്തിന്‍റെ സാമ്പത്തികസ്ഥിതിയെത്തന്നെ ബാധിക്കും. - കോടതി പറഞ്ഞു.

ഹർത്താലിനെ നേരിടാൻ സമഗ്രപദ്ധതി തയ്യാറാക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നാളത്തെ ഹർത്താലിനെ നേരിടാൻ എന്തൊക്കെ നടപടികളെടുത്തിട്ടുണ്ടെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. എല്ലാ ജില്ലാകളക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നു ആവശ്യമുള്ള എല്ലാ കടകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.    

Follow Us:
Download App:
  • android
  • ios