Asianet News MalayalamAsianet News Malayalam

ആലപ്പാട് ഖനനം: സർക്കാരിന് ഹൈക്കോടതി നോട്ടീസ്

ആലപ്പാട് ഖനനം തടയണമെന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. കേസ് അടുത്തയാഴ്ച വീണ്ടും കേൾക്കും.

kerala high court on alappad mining
Author
Kochi, First Published Jan 15, 2019, 2:45 PM IST

കൊച്ചി: കൊല്ലം ആലപ്പാട് തീരത്തെ കരിമണൽ ഖനനം നിർത്തണമെന്നാവശ്യപ്പെട്ട് ഹർജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ്. ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സർക്കാർ നിയോഗിച്ച സമിതിയുടെ പഠന റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതുവരെ ഖനനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ എം ഹുസൈനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് അടുത്തയാഴ്ച വീണ്ടും കേൾക്കും.

മുല്ലക്കര രത്നാകരൻ എംഎൽഎ അധ്യക്ഷനായ സമിതിയാണ്  ഖനനം ആലപ്പാടുണ്ടാക്കിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകിയത്. സമിതി അധ്യക്ഷനായ മുല്ലക്കര രത്നാകരനും ഖനനം നടത്തുന്ന ഐ ആർ ഇയ്ക്കും കോടതിയുടെ നോട്ടീസുണ്ട്. സംസ്ഥാന സർക്കാരിനേയും, ഐ ആർ ഇയേയും എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പ്രദേശത്തെ ഇല്ലാതാക്കുന്ന ഖനനത്തിന്‍റെ നിയമസാധുത പരിശോധിക്കണമെന്നും സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിക്കണമെന്നുമാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.  പരിധിയില്‍ കവിഞ്ഞ കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്ത് പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തീരപ്രദേശമായ ആലപ്പാട് പഞ്ചായത്തിലെ 89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഐ ആര്‍ ഇയുടെ ഖനനമെന്നും. ഇതില്‍ ഇനി 7.6 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഖനനത്തിന് ബാക്കിയുള്ളതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഖനനം സംബന്ധിച്ച് പഠിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാനും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനും സര്‍ക്കാറിനോട് കോടതി ഉത്തരവിടണമെന്നും പറയുന്നു. പഞ്ചായത്തിൽ പതിനായിരം കുടുംബങ്ങളാണുണ്ടായിരുന്നത്. ഇതിൽ പകുതിപ്പേരും സ്ഥലം മാറിപ്പോയി. ഈ സ്ഥിതി തുടർന്നാൽ കായലിനും കടലിനുമിടയിലുള്ള സംരക്ഷണ ഭിത്തിയായ ആലപ്പാട് പഞ്ചായത്ത് ഇല്ലാതാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

Follow Us:
Download App:
  • android
  • ios