Asianet News MalayalamAsianet News Malayalam

പ്രീതാ ഷാജിയുടെ വീട് ലേലം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി; ഒരു മാസത്തിനുള്ളിൽ പണം കെട്ടി വയ്ക്കണം

പ്രീത ഷാജിയുടെ വീടും സ്ഥലവും ലേലം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. വായ്പാ തുകയും പലിശയും ബാങ്കിന് നൽകിയാൽ വീടും സ്ഥലവും പ്രീതയ്ക്ക് തിരികെ ലഭിക്കും. ഒരു മാസത്തിനകം പണമടച്ചില്ലെങ്കിൽ ബാങ്കിന് വീണ്ടും സ്ഥലം ലേലം ചെയ്യാമെന്നും കോടതി. ഒരു മാസത്തിനകം കോടതി നിർദ്ദേശിച്ച തുക കെട്ടിവെച്ച് വീട് സ്വന്തമാക്കുമെന്നും  പ്രീത ഷാജി.

kerala highcourt cancelled auction of preetha shajis house
Author
Kochi, First Published Feb 19, 2019, 11:31 AM IST

കൊച്ചി: ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീതാ ഷാജിയുടെ വീടും സ്ഥലവും ലേലത്തിൽ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി. വായ്പാ തുകയും പലിശയും അടക്കം ആകെ 43 ലക്ഷം രൂപ (കൃത്യം തുക 43,51,362) ബാങ്കിന് നൽകിയാൽ വീടും സ്ഥലവും പ്രീതയ്ക്ക് തിരികെ എടുക്കാം എന്ന് കോടതി വ്യക്തമാക്കി. പണം നൽകാൻ ഒരുമാസത്തെ സാവകാശം നൽകിയിട്ടുണ്ട്‌.  

ഭൂമി ലേലത്തിൽ പിടിച്ച രതീഷിന്‍റെ ഹർജി ഹൈക്കോടതി തള്ളി. ഒരു ലക്ഷത്തി എൺപത്തിഒമ്പതിനായിരം രൂപ മുമ്പ് ലേലത്തിൽ വാങ്ങിയ രതീഷിന് നൽകണം. പ്രീതാ ഷാജിക്കെതിരായ എല്ലാ മുൻ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. എന്നാല്‍, ഒരു മാസത്തിനകം പണമടച്ചില്ലെങ്കിൽ ബാങ്കിന് വീണ്ടും സ്ഥലം ലേലം ചെയ്യാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ലേലം റദ്ദാക്കിയ വിധി സർഫ്രാസി കുരുക്കിൽ പെട്ടവർക്ക് ആശ്വാസമാകുമെന്ന്  പ്രീത ഷാജി ഏഷ്യാനെറ് ന്യൂസിനോട് പ്രതികരിച്ചു. ഒരു മാസത്തിനകം കോടതി നിർദ്ദേശിച്ച തുക കെട്ടിവെച്ച് വീട് സ്വന്തമാക്കുമെന്നും  പ്രീത ഷാജി പറഞ്ഞു.

സുഹൃത്തിന‌് ജാമ്യം നിന്നതിന്‍റെ പേരിൽ വായ‌്പാ കുടിശ്ശിക തിരിച്ചടയ‌്ക്കാൻ നിവൃത്തിയില്ലാതെ ജപ‌്തി നേരിട്ട പ്രീത ഷാജിയും കുടുംബവും 26ന‌് വീട‌് ഒഴിയണമെന്ന‌് ഹൈക്കോടതി നേരത്തെ ഉത്തരവായിരുന്നു.  ലേല നടപടി നിയമപരമായി നിലനിൽക്കില്ലെന്ന‌് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭർത്താവ‌് എം വി ഷാജി സമർപ്പിച്ച ഹർജിയിലാണ്‌  ഹൈക്കോടതി വിധി. 
 

Follow Us:
Download App:
  • android
  • ios