പത്തനംതിട്ട: ആര്‍ത്തവ ദിനങ്ങളില്‍ ക്ഷേത്രങ്ങളിലെ വിലക്കിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എസ്എഫ്ഐ വനിതാ നേതാവിനെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കി. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം നവമി രാമചന്ദ്രനെ സിപിഎം ഏരിയാ നേതൃത്വവും തള്ളിപ്പറഞ്ഞു.

അമ്പലത്തിന് പുറത്തൊരു മുറി പണിയണം. മാസമുറക്ക് ദേവിക്കിരിക്കാന്‍ എന്ന വിനേഷ് ബാവിക്കരയുടെ കവിതയാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ നവമി രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ആര്‍ത്തവ ദിനങ്ങളില്‍ ഏതാനും ക്ഷേത്രങ്ങളില്‍ താന്‍ പോയിരുന്നതായും നിയമ വിദ്യാര്‍ത്ഥിയായ നവമി പോസ്റ്റിന് താഴെ കമന്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ബിജെപി കുന്നന്താനം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മല്ലപ്പള്ളി പൊലീസില്‍ പരാതി നല്‍കിയത്.

നവമിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍ കുന്നന്താനത്ത് പ്രതിഷേധ യോഗവും സംഘടിപ്പിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലെ ആശയത്തോട് വിയോജിപ്പില്ലെങ്കിലും വിവാദ കമന്റ് ഒഴിവാക്കേണ്ടിയിരുന്നെന്ന് സിപിഎം മല്ലപ്പള്ളി ഏരിയാ നേതൃത്വം പറയുന്നു. ഇതെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു നവമി രാമചന്ദ്രന്‍റെ പ്രതികരണം. ഫേസ് ബുക്ക് പോസ്റ്റിന്‍റെ പേരില്‍ നവമിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടിവന്നിരുന്നു. നിരവധി അശ്ലീല കമന്റുകളാണ് പോസ്റ്റിന് താഴെ ഇപ്പോഴും വരുന്നത്.