Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് എല്‍ഡിഎഫിന് അട്ടിമറി വിജയം; വയനാട്ടിലും കോട്ടയത്തും യുഡിഎഫിന് തിളക്കമാര്‍ന്ന ജയം

മലപ്പുറം കാവനൂർ പഞ്ചായത്തിലെ പതിനാറാം വാർഡിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥി ഷാഹിന 40 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാര്‍ഥി സി ഒ ബാബുരാജ് 260 വോട്ടുകൾക്കാണ് വിജയിച്ചത്

kerala local body by election result update
Author
Thiruvananthapuram, First Published Feb 15, 2019, 12:18 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പൂര്‍ത്തിയാകുന്നു. മലപ്പുറത്ത് എല്‍ ഡി എഫ് അട്ടിമറി വിജയം നേടി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കവനൂര്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. സംസ്ഥാന ശ്രദ്ധ നേടിയ ഒഞ്ചിയത്തെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വീണ്ടും അടിതെറ്റിയപ്പോള്‍ ആര്‍ എം പി പഞ്ചായത്ത് ഭരണം നിലനിര്‍ത്തി.

മലപ്പുറം കാവനൂർ പഞ്ചായത്തിലെ പതിനാറാം വാർഡിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥി ഷാഹിന 40 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഇതോടെ പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടമായി. നീണ്ടൂർ ഗ്രാമപഞ്ചയത്തിൽ യു ഡി എഫ് വിജയം നേടി. എല്‍ ഡി എഫിലെ പി കെ സ്റ്റീഫനെ 17 വോട്ടുകൾക്ക് ഷിബു ചാക്കോയാണ് പരാജയപ്പെടുത്തിയത്. വണ്ടൂർ ബ്ലോക്ക് ചെമ്പ്രശേരി ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ടി എച്ച് മൊയ്തീൻ വിജയിച്ചു.

തിരൂർ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാര്‍ഥി സി ഒ ബാബുരാജ് 260 വോട്ടുകൾക്കാണ് വിജയിച്ചത്. ഇതോടെ തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടപെടും. കരുവാറ്റ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 108 വോട്ടിനാണ് യുഡിഎഫിലെ എസ് സുകുമാരി വിജയിച്ചത്.

വയനാട് നെന്മേനി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫാണ് വിജയം നേടിയത്. പത്മനാഭനാണ് 169 വോട്ടുകൾക്ക് വിജയിച്ചത്. ഇതോടെ ഇടതുമുന്നണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നഷ്ടമാകും. പട്ടികജാതിക്ക് സംവരണം ചെയ്ത പ്രസിഡണ്ട് സ്ഥാനത്തേക്ക് പത്മനാഭൻ ചുമതലയേൽക്കും.കോട്ടയം നീണ്ടൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ യുഡിഎഫിന് അട്ടിമറി വിജയം. എൽഡിഎഫ് സ്ഥാനാർഥിയെ 17 വോട്ടുകൾക്കാണ്  കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി ഷിബു ചാക്കോ തോൽപ്പിച്ചത്. കഴിഞ്ഞ മൂന്നു തവണ എൽഡിഎഫ് വിജയിച്ചിരുന്ന സീറ്റ് ആയിരുന്നു ഇത്. സിപിഐ പ്രതിനിധി അസുഖബാധിതനായതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

കൊച്ചി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ 52 ാം വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ജയം. എൽ ഡി എഫ് സ്ഥാനാർഥി ബൈജു തൊട്ടാളി 1686 വോട്ടുകൾ നേടിയപ്പോള്‍ യു ഡി എഫ് സ്ഥാനാർഥി നേടിയത് 1628 വോട്ടുകളാണ്. 58 വോട്ടുകളുടെ ഭൂരിപക്ഷമാണ് ബൈജു നേടിയത്. കുന്നുകര പഞ്ചായത്ത് ഭരണം യു ഡി എഫ് നില നിർത്തി. തെരഞ്ഞെടുപ്പിൽ യൂ ഡി എഫ് സ്ഥാനാർഥി ലിജി ജോസാണ് വിജയം നേടിയത്. കുന്നുകര പഞ്ചായത്ത് ഒൻപതാം വാർഡിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടന്നത്.

ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാർഡ് ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസ്സിൽ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മൽസരിച്ച ബി മെഹബൂബ് വിജയിച്ചു. 521 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. കൈനകരി പഞ്ചായത്ത് അഞ്ചാം വാർഡിലെ  ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിലെ ബീന വിനോദ് 105 വോട്ടുകൾക്ക് വിജയിച്ചു. പാലക്കാട് നഗരസഭയിലെ രണ്ടാം വാർഡായ കൽപ്പാത്തിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പി എസ് വിബിൻ വിജയിച്ചു. ഭൂരിപക്ഷം 421. ബിജെപിയാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. അവിശ്വാസ പ്രമേയ ദിവസം കൂറുമാറിയ യുഡി എഫ് കൗൺസിലർ ശരവണൻ രാജിവച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കായംകുളം നഗരസഭാ 12-ാം വാർഡ് എൽഡിഎഫ് വിജയിച്ചു. 446 വോട്ടിനാണ് എൽഡിഎഫിലെ സുഷമാ അജയൻ വിജയിച്ചത്. അഗളി പഞ്ചായത്ത് പാക്കുളം നാലാം വാർഡ് യു ഡി എഫ് നിലനിർത്തി. 14 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർത്ഥി ജയറാം വിജയിച്ചത്.

കോട്ടൂർ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് എല്‍ ഡി എഫ് സ്ഥാനാർത്ഥി ശ്രീനിവാസൻ മേപ്പാടി വിജയിച്ചു. 299 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മേപ്പാടി വിജയിച്ചത്. കോതമംഗലം ഒക്കൽ പഞ്ചായത്തിലെ ചേലാമറ്റം വാർഡ് യു ഡി എഫ് നില നിർത്തി. യു ഡി എഫ് സ്ഥാനാർഥി ഷീന ബെന്നിയാണ് വിജയിച്ചത്. 60 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം. റാന്നി ഗ്രാമപഞ്ചായത്തിലെ 6 ാം വാർഡ് പുതുശ്ശേരിമല എല്‍ ഡി എഫ് നിലനിർത്തി. എല്‍ ഡി എഫിലെ ലെ സുധാകുമാരിയാണ് (358 വോട്ടുകൾ) വിജയിച്ചത്. ബി ജെ പി രണ്ടാം സ്ഥാനത്ത് എത്തി (298). യു ഡി എഫ് സ്ഥാനാര്‍ഥിക്ക് 101 വോട്ടുകളാണ് നേടാനായത്.

അരിമ്പൂർ പഞ്ചായത്തിൽ വിളക്കുമാടം 12ാം വാർഡിലേക്കും ചാഴൂർ പഞ്ചായത്തിൽ കോലോത്തുംകടവ് 11ാം വാർഡിലേക്കുo നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫ് ജയം നേടി. പട്ടാമ്പി തിരുമറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂർ വാർഡിൽ സിപിഎം സ്ഥാനാർത്ഥി ടിപി സലാമു 248 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിപിഎം വാർഡ് നിലനിർത്തുകയായിരുന്നു. നെല്ലിയാമ്പതി പഞ്ചായത്ത് ലില്ലി വാർഡിൽ എൽഡിഎഫിന്റെ അംബിക 44 വോട്ടിന് ജയിച്ചു. എൽഡിഎഫ് വാർഡ് നിലനിർത്തുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഏറെ ശ്രദ്ധ നേടിയ ഒഞ്ചിയം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ ആര്‍ എം പിക്ക് വിജയം. ഇതോടെ പഞ്ചായത്ത് ഭരണം കൂടിയാണ് ആര്‍ എം പി നില നിര്‍ത്തിയത്. പുതിയോട്ടുംകണ്ടി വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആർ എം പി സ്ഥാനാർത്ഥി പി ശ്രീജിത്താണ് വിജയം നേടി പഞ്ചായത്ത് ഭരണം ഉറപ്പിച്ചത്. അഭിമാന പോരാട്ടത്തില്‍ കവിയും സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ രാജാറാം തൈപ്പള്ളിയെ ഇറക്കി വിജയം നേടാനായിരുന്നു സി പി എം ശ്രമിച്ചത്. എന്നാല്‍ 308 വോട്ടുകളുടെ പരാജയം തൈപ്പള്ളി ഏറ്റുവാങ്ങുകയായിരുന്നു. പഞ്ചായത്തംഗമായിരുന്ന എ ജി ഗോപിനാഥിന്റെ നിര്യാണത്തെ തുടർന്നാണ‌് ഉപതെരഞ്ഞെടുപ്പ‌് നടന്നത‌്.

Follow Us:
Download App:
  • android
  • ios